ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനാചരണം സംഘടിപ്പിച്ചു

ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, പുല്ലൂര്‍ സംസ്‌കൃതി ക്ലബ്ബ് ബാഡ്മിന്റണ്‍ മോര്‍ണിംഗ് ബാച്ച് എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ അജയ് രാജ് ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ സംസ്‌കൃതി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസ്‌കൃതി പുല്ലൂര്‍ സെക്രട്ടറി എ ടി ശശി അധ്യക്ഷത വഹിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ചന്ദ്രന്‍ എം, പെരിയ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം വി അശോകന്‍ എന്നിവര്‍ ബോധവത്കരണ ക്ലാസ് നയിച്ചു. ആരോഗ്യ പരിപാലനത്തില്‍ വ്യായാമത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനായി സംഘടിപ്പിച്ച ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ബിനു വണ്ണാര്‍വയലും ഹരിശ്രീ ശശിയും ഉള്‍പ്പെട്ട ടീം വിന്നറും രതീഷ് മാക്കരംകോട്ടും ഷാരോണ്‍ കിഴക്കുംകരയും ഉള്‍പ്പെട്ട ടീം റണ്ണറപ്പുമായി. വിജയികള്‍ക്ക് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ അജയ് രാജ് ട്രോഫികള്‍ വിതരണം ചെയ്തു. സംസ്‌കൃതി പുല്ലൂര്‍ വൈസ് പ്രസിഡണ്ട് വി വി ബാലകൃഷ്ണന്‍, പ്രവീണ്‍ കണ്ണാങ്കോട്ട്, ഇ ബാലകൃഷ്ണന്‍, രാഹുല്‍ പുളിക്കാല്‍, പ്രജിത്ത് ചെമ്മട്ടംവയല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ദിനാചരണത്തിന്റെ ഭാഗയമായി കേരള ഗവ: മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാഞങ്ങാട് കെ ജി എം ഓ എ ഹാളില്‍ സംഘടിപ്പിച്ച ഹൈപ്പര്‍ടെന്‍ഷന്‍ ബോധവല്‍ക്കരണ പരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് രാജ് ക്ലാസ്സെടുത്തു. ചടങ്ങില്‍ ഹൈപ്പര്‍ടെന്‍ഷന്‍ സ്‌ക്രീനിങ്ങും സംഘടിപ്പിച്ചിരുന്നു.

എല്ലാ വര്‍ഷവും മെയ് 17-നാണ് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനമായി ആചരിക്കുന്നത്. ‘നിശബ്ദ കൊലയാളി’ എന്നറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുകയും, കൃത്യമായ പരിശോധനകളിലൂടെ അത് നിയന്ത്രിച്ചു നിര്‍ത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പ്രതിരോധിക്കുന്നതില്‍ ആരോഗ്യകരമായ ജീവിതശൈലിക്ക് വലിയ പങ്കുണ്ട്. ദിനചര്യയില്‍ ചിട്ടയായ വ്യായാമം ഉള്‍പ്പെടുത്തുക, ഭക്ഷണത്തില്‍ ഉപ്പിന്റെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കുക എന്നിവ ഇതില്‍ വളരെ പ്രധാനമാണ്. ഇതിന് പുറമെ, ദൈനംദിന ജീവിതത്തിലെ മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും, ദിവസവും കൃത്യമായ ഉറക്കം ഉറപ്പാക്കുന്നതിനും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മരുന്നുകള്‍ക്കൊപ്പം തന്നെ ഇത്തരം ആരോഗ്യകരമായ ശീലങ്ങളും പിന്തുടരുന്നത് ഹൈപ്പര്‍ടെന്‍ഷന്‍ അകറ്റി നിര്‍ത്താനും കൂടുതല്‍ കാലം ആരോഗ്യമുള്ള ജീവിതം നയിക്കാനും ഏവരെയും സഹായിക്കും.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ബി സന്തോഷ് അറിയിച്ചു.

Scroll to Top