മൃതദേഹങ്ങള്‍ കൈമാറണമെന്ന് കളക്ടര്‍
മൃതദേഹങ്ങള്‍ ആന്‍ഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടെതും മൃതദേഹ ഭാഗം മുണ്ടക്കൈ സ്വദേശി സുബൈറിന്റേതും ആണെന്നാണ് തിരിച്ചറിഞ്ഞത്.
വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതശരീരങ്ങളുടെയും ഒരു ശരീര ഭാഗത്തിന്റെയും ഡിഎന്‍എ പരിശോധന ഫലമാണ് പുറത്ത് വന്നത്. മൃതദേഹങ്ങള്‍ ആന്‍ഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടെതും മൃതദേഹ ഭാഗം മുണ്ടക്കൈ സ്വദേശി സുബൈറിന്റേതും ആണെന്നാണ് തിരിച്ചറിഞ്ഞത്. നേരത്തെ ഈ മൃതദേഹങ്ങളും മൃതദേഹഭാഗവും കാണാതായ മറ്റ് നാല് പേരുടെ ആണെന്നാണ് കരുതിയിരുന്നത്. ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ കൈമാറണമെന്ന് കളക്ടര്‍ ഉത്തരവിട്ടു. നിലവിലെ സംസ്‌കാര സ്ഥലം തുടരണമെന്ന് താല്പര്യമുള്ളവര്‍ക്ക് അടയാളപ്പെടുത്തിയ പേരുകളില്‍ മാറ്റം വരുത്താന്‍ സൗകര്യം ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 40 ലേറെ പേര്‍ ഇനിയും കാണാമറയത്താണ്. ദുരന്തത്തില്‍ കാണാതായ 47 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ തെരച്ചില്‍ എവിടെയും നടക്കുന്നില്ല. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സൂചിപ്പാറ, ആനടികാപ്പ് മേഖലയില്‍ തെരച്ചില്‍ നടത്തണമെന്ന ആവശ്യം മുന്‍പ് കാണാതായവരുടെ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിയോട് ഉന്നയിച്ചിരുന്നു. ഇത് അനുസരിച്ച് തെരച്ചില്‍ നടത്തിയപ്പോള്‍ അഞ്ച് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മറ്റൊരു ദിവസവും തെരച്ചില്‍ നടന്നെങ്കിലും അത് തുടരാന്‍ അധികൃതര്‍ തയ്യാറായില്ല. ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാക്കി വയനാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. വയനാട് ദുരിതാശ്വാസത്തിന് ഇതുവരെ ഒരു രൂപ പോലും പ്രത്യേക ധനസഹായമായി അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെട്ടുത്തി. വിഴിഞ്ഞം പദ്ധതിയ്ക്കുള്ള വിജിഎഫ് തുക തിരിച്ചടക്കണമെന്ന നിബന്ധനയെയും മുഖ്യമന്ത്രി തുറന്നെതിര്‍ത്തു. സമാനമായ ദുരന്തം നേരിട്ട മറ്റ് ചെറു സംസ്ഥാനങ്ങള്‍ക്കടക്കം കേന്ദ്രം നല്‍കിയ ധനസഹായം എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം