മേല്‍പറമ്പ്: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന് ഒരു ദിവസം മുമ്പ് മേല്‍പറമ്പ് ടൗണില്‍ വില്ലേജ് ഓഫീസിന് സമീപം പൊതുസ്ഥലത്തുള്ള 70 വര്‍ഷത്തിലധികം പഴക്കമുള്ള തണല്‍മരത്തിന്റെ ശാഖകള്‍ അനധികൃതമായി മുറിച്ചുമാറ്റുകയും മരം പൂര്‍ണ്ണമായും നശിപ്പിക്കുന്നതിനായി രാസവസ്തുക്കളോ മറ്റ് ലായനികളോ ഒഴിച്ചിട്ടുണ്ടെന്ന ഗുരുതര പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.
പുതുതായി ആരംഭിച്ച ഒരു വ്യാപാര സ്ഥാപനത്തിന്റെ സൈന്‍ബോര്‍ഡ് വ്യക്തമായി കാണുന്നതിനുവേണ്ടിയാണ് മരത്തിന്റെ വലിയ ശാഖകള്‍ മുറിച്ചുമാറ്റിയതെന്നും തുടര്‍ന്ന് മരം ക്രമേണ ഉണങ്ങി നശിക്കുന്നതിനായി മുറിച്ച ഭാഗങ്ങളില്‍ ദ്രാവകങ്ങള്‍ ഒഴിച്ചുവെന്നുമാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.
ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് പരിസ്ഥിതി ദിനാചരണങ്ങള്‍ സംഘടിപ്പിക്കുകയും പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ലക്ഷക്കണക്കിന് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മേല്‍പറമ്പില്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള തണല്‍മരം നശിപ്പിക്കപ്പെട്ടതെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത് പരിസ്ഥിതിക്കും പൊതുസമൂഹത്തിനും എതിരെയുള്ള ഗുരുതരമായ സാമൂഹിക കുറ്റകൃത്യമാണെന്ന് ജില്ലാ ട്രീ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മരം സംരക്ഷിക്കുന്നതിനും ശേഷിക്കുന്ന ഭാഗങ്ങള്‍ രക്ഷപ്പെടുത്തുന്നതിനുമായി വിദഗ്ധ പരിശോധന നടത്തണമെന്നും ജില്ലാ ട്രീ കമ്മിറ്റി ആവശ്യപ്പെട്ടു.
താഴെപ്പറയുന്ന വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു: ജില്ലാ കളക്ടര്‍, കാസര്‍കോട്
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (DFO), കാസര്‍കോട്* സോഷ്യല്‍ ഫോറസ്ട്രി വിഭാഗം
കാസര്‍കോട് തഹസില്‍ദാര്‍
ചെമ്മനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി
വില്ലേജ് ഓഫീസര്‍, ചെമ്മനാട്
ജില്ലാ പരിസ്ഥിതി എഞ്ചിനീയര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കാസര്‍കോട്
ജില്ലാ പോലീസ് മേധാവി, കാസര്‍കോട്
പൊതുസ്ഥലത്തുള്ള മരങ്ങള്‍ അനധികൃതമായി മുറിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിലവിലുള്ള നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ജില്ലാ ട്രീ കമ്മിറ്റി അംഗം മോഹനന്‍ മാങ്ങാട് ആവശ്യപ്പെട്ടു.




