അതിവേഗ റെയില്‍ പദ്ധതിയില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തണം; ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെസെഫ്


ദുബൈ: കേരളത്തില്‍ നിര്‍ദിഷ്ട അതിവേഗ റെയില്‍ പദ്ധതിയില്‍ കാസര്‍കോട് ജില്ലയെ ഉള്‍പ്പെടുത്തണമെന്ന് കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് സോഷ്യോ ഇക്കണോമിക് ഫോറം (കെസെഫ്) ആവശ്യപ്പെട്ടു. ദുബായില്‍ ചേര്‍ന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് കേന്ദ്ര-കേരള സര്‍ക്കാറുകളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

കേരളത്തിന്റെ തെക്കന്‍ മേഖലയില്‍ നിന്ന് വടക്കേ അറ്റം വരെയുള്ള അതിവേഗ റെയില്‍ പദ്ധതിയാണ് ആദ്യം വിഭാവനം ചെയ്തിരുന്നതെന്നും, സംസ്ഥാനത്തിന്റെ വടക്കേയറ്റത്തുള്ള കാസര്‍കോടിനെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നത് നീതീകരിക്കാനാകാത്ത നടപടിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. കാസര്‍കോടിനെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നത് ജില്ലയെ കേരളത്തിന്റെ വികസന പദ്ധതികളില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തുന്നതിന് തുല്യമാണെന്നും കെസെഫ് ചൂണ്ടിക്കാട്ടി.

സംഘടന ചെയര്‍മാന്‍ നിസാര്‍ തളങ്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജനറല്‍ മുരളീധരന്‍ നമ്പ്യാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ എം.സി. ഹനീഫ് വാര്‍ഷിക കണക്കുകളും ഓഡിറ്റര്‍ കെ.എം. അബ്ബാസ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഹുസൈന്‍ പടിഞ്ഞാര്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍ ബാലകൃഷ്ണന്‍ തച്ചങ്ങാട് ഭാരവാഹി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം.സി. ഹനീഫ് നന്ദി രേഖപ്പെടുത്തി.

യോഗത്തില്‍ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. നിസാര്‍ തളങ്കര ചെയര്‍മാനായും മുരളീധരന്‍ നമ്പ്യാര്‍ സെക്രട്ടറി ജനറലായും എം.സി. ഹനീഫ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് ചെയര്‍മാന്‍മാരായി കെ.എം. അബ്ബാസ്, രാജശേഖരന്‍ വെടിത്തറക്കാല്‍, താഹിറലി പുറപ്പാട്, പവിത്രന്‍ നിട്ടൂര്‍, ദിവാകരന്‍ വേങ്ങയില്‍, മുഹമ്മദ് കുഞ്ഞി ചൗക്കി, ജബ്ബാര്‍ ബൈദാല,എന്നിവരും സെക്രട്ടറിമാരായി ഹുസൈന്‍ പടിഞ്ഞാര്‍, നിയാസ് ചേടിക്കമ്പനി, സുരേഷ് കാശി, സി.ബി. അസീസ്, ലോഹിതാക്ഷന്‍ കാലിക്കടവ്, സുബൈര്‍ അബ്ദുല്ല എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ബഷീര്‍ കിന്നിങ്കാര്‍ ഓഡിറ്ററായും ചുമതലയേല്‍ക്കും.

Scroll to Top