കഴിഞ്ഞ 10 വര്‍ഷക്കാലം ഇടതുപക്ഷം നടത്തിയ തൊഴിലാളി വിരുദ്ധ നടപടിയുടെ ഫലമാണ് ഇലക്ഷനില്‍ ജനങ്ങള്‍ നല്‍കിയ തിരിച്ചടിയെന്ന് കേരള എന്‍ ജി ഒ അസോസിയേഷന്‍ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് എ ടി ശശി പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും
ന്യായമായ സമരങ്ങള്‍ക്കെതിരെ ഇടത് സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.
യാതൊരു തത്വദീക്ഷയുമില്ലാതെ രോഗികള്‍ എന്നോ ഭിന്നശേഷിക്കാര്‍ എന്നോ ഉള്ള മാനുഷിക പരിഗണന പോലും ഇല്ലാതെ കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിക്കൊണ്ട് ദ്രോഹിച്ച ഇടതുപക്ഷത്തിനുള്ള ശക്തമായ പ്രഹരം കൂടിയാണ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള കേരളീയര്‍ നല്‍കിയത്.
സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ തന്റെ തൊഴിലാളികളായ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പള പരിഷ്‌കരണം നടപ്പിലാക്കാതെ പടിയിറങ്ങി പോകുന്നത് . ലീവ് സറണ്ടര്‍ നീട്ടിവെച്ച് നീട്ടിവെച്ച് അത് കിട്ടാക്കിയാക്കി മാറ്റി.
പ്രാബല്യ തീയ്യതി നിശ്ചയിക്കാതെ ക്ഷാമബത്ത ഉത്തരവാക്കി 286 മാസത്തെ കുടിശ്ശിക ആവിയാക്കി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ചില്ല . ഭവന നിര്‍മ്മാണ വായ്പ ഉള്‍പ്പെടെയുള്ള നിരവധി ആനുകൂല്യങ്ങള്‍ തിരിച്ചു തരാം എന്ന് പറഞ്ഞ് ഉത്തരവിറക്കിയത് അല്ലാതെ നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് എന്‍ജിഒ അസോസിയേഷന്‍ കാസറഗോഡ് ജില്ല കമ്മിറ്റി കളക്ടറേറ്റില്‍ നടത്തിയ ആഹ്‌ളാദ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡണ്ട് ഗിരീഷ് ആനപ്പെട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.സി.സുജിത്ത് കുമാര്‍,
സുരേഷ് പെരിയങ്ങാനം ലോകേഷ് എം. ബി ആചാര്‍, അരുണ്‍ കുമാര്‍ സി കെ കെ, പി.വത്സല , എം. ടി. പ്രസീത , ജില്ല സെക്രട്ടറി വി.ടി.പി. രാജേഷ് , ജില്ലാ ട്രഷറര്‍ വി എം രാജേഷ് , പി കുഞ്ഞികൃഷ്ണന്‍ , പ്രവീണ്‍ വരയില്ലം, വിജയകുമാരന്‍ നായര്‍ , രതീഷ് പെരിയങ്ങാനം , രതി വയലപ്രം , ബ്രിജേഷ് പൈനി , കെ മുരളീധരന്‍ നായര്‍ , ജഗദീശന്‍ നായര്‍ , നവനീത് കൃഷ്ണന്‍ , രാജേഷ് കമ്പല്ലൂര്‍, രതീഷ് ബന്തടുക്ക , സുബിന്‍ രാജ് , മുഹമ്മദ് ഷെഫീഖ് , ജയരാജ് പെരിയ , ഷജില്‍ പിണറായി ,
, ഗിരിജ മാപ്പിടിച്ചേരി , പ്രീത , സൈദ , സഫീന എന്നിവര്‍ സംസാരിച്ചു
പായസ വിതരണവും നടന്നു.
തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയത്തിനേറ്റ തിരിച്ചടി :എന്‍ ജി ഒ അസോസിയേഷന്‍




