തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു. സമരകവാടം 10 വര്‍ഷത്തിനുശേഷമാണ് തുറന്നത്. ഗേറ്റിനു മുന്നില്‍ ഉണ്ടായിരുന്ന ബാരിക്കേഡും ഒരു വശത്തേക്ക് നീക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റശേഷം ഉള്ള ആദ്യ പ്രവര്‍ത്തി ദിനമാണ് ഇന്ന്. നോര്‍ത്ത് ഗേറ്റ് വഴി നിരന്തരം പൊതുജനങ്ങള്‍ സെക്രട്ടറിയേറ്റില്‍ വന്നതോടെയാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി മുന്‍ സര്‍ക്കാര്‍ ഗേറ്റ് അടച്ചത്. ഈ ഗേറ്റിലൂടെ കയറുന്ന വഴിയിലാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിച്ചിരുന്നത്.
നിലവില്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിവാഹനങ്ങള്‍ക്കുമാണ് പ്രവേശനം അനുവദിച്ചത്. പൊതുജനങ്ങള്‍ കന്റോണ്‍മെന്റ് ഗേറ്റിലൂടെ തന്നെ പ്രവേശിക്കണം. കേരള സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ഗേറ്റിനെയാണ് പൊതുവെ ‘സമരഗേറ്റ്’ എന്ന് വിളിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള സമരങ്ങളും മാര്‍ച്ചുകളും പ്രധാനമായും അവസാനിക്കുന്നത് ഈ ഗേറ്റിന് മുന്നിലായതിനാലായതിനാലാണ് ഈ പേരു വന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപമുള്ള ഈ ഗേറ്റ് നേരത്തെ അടച്ചിട്ടിരുന്നു. മന്ത്രിമാര്‍ക്കും വിഐപികള്‍ക്കും പുറമെ പൊതുജനങ്ങള്‍ക്കും സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഈ ഗേറ്റ് ഉപയോഗിക്കാറുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ഇടയ്ക്കിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ടെങ്കിലും, ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ പ്രധാന പ്രവേശന കവാടങ്ങളില്‍ ഒന്നാണിത്. കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും തൊഴിലാളി യൂണിയന്‍ സമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ചരിത്രപരമായ പ്രാധാന്യവും ഈ ഗേറ്റിനുണ്ട്.
അതേസമയം പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകള്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ സെക്രട്ടേറിയറ്റില്‍ പൂര്‍ത്തിയായി. മുഖ്യമന്ത്രിയുടെയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍ സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇരുവരും ഒരേ നിലയിലായിരിക്കും പ്രവര്‍ത്തിക്കുക.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസ് നോര്‍ത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും. മുന്‍പ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള തന്റെ പഴയ ഓഫീസിലേക്ക് തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍ എന്നിവര്‍ മുന്‍പ് മന്ത്രിമാരായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന അതേ ഓഫീസുകള്‍ തന്നെയാണ് ഇത്തവണയും തിരഞ്ഞെടുത്തത്.
രാജ്ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം മന്ത്രിമാര്‍ സെക്രട്ടറിയേറ്റിലെ ഓഫീസുകളിലെത്തി ഔദ്യോഗികമായി ചുമതലയേല്‍ക്കും. തുടര്‍ന്ന് പുതിയ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗം ചേരും




