ഡെങ്കിപ്പനി നിയന്ത്രണം ജനപങ്കാളിത്തത്തിലൂടെ;ജില്ലാതല ശില്‍പ്പശാല മുളിയാറില്‍ സംഘടിപ്പിച്ചു

ബോവിക്കാനം : ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലന്‍ നിര്‍വ്വഹിച്ചു.

കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവ സംയുക്തമായി മുളിയാര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് രാജ് ദിനാചരണ സന്ദേശം നല്‍കി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. സുഗന്ധിനി, മെമ്പര്‍ ശാന്തിനി ദേവി, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത്, ജില്ലാ എഡ്യൂക്കേഷന്‍ മീഡീയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ചന്ദ്രന്‍ എം, ജില്ലാ വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റ് ബയോളജിസ്റ്റ് പ്രസന്നലാല്‍ എസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍ സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന ബോധവത്ക്കരണ സെമിനാറില്‍ ഡെങ്കിപ്പനിയും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ജില്ലാ എപ്പിഡിയമോളജിസ്റ്റ് ഫ്‌ലോറി ജോസഫ് ക്ലാസ്സെടുത്തു.
ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊതുകുജന്യ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രദര്‍ശനവും സംഘടിപ്പിച്ചു.

വിവിധ ആരോഗ്യ സ്ഥാപന പരിധിയിലെ സി.ഡി.എസ്, എ.ഡി.എസ് അധ്യക്ഷന്മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍, എന്‍ ആര്‍.ഇ.ജി.എ മേറ്റുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

‘ഡെങ്കിപ്പനി നിയന്ത്രണം ജനപങ്കാളിത്തത്തിലൂടെ; പരിശോധിക്കാം, വൃത്തിയാക്കാം, അടച്ചുവെയ്ക്കാം’
എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. ഡെങ്കിപ്പനി ദിനാചരണം മഴക്കാലരോഗ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ മികച്ച തുടക്കമാണെന്നും ദിനാചരണ സന്ദേശം സൂചിപ്പിക്കുന്നത് പോലെ വിവിധ വകുപ്പുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ കൂട്ടായ കൊതുക് നിര്‍മ്മാര്‍ജ്ജന പരിസര ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഡെങ്കിപ്പനിയേയും മഴക്കാല രോഗങ്ങളെയും ചെറുത്തു നിര്‍ത്തുന്നതിന് സാധിക്കൂ എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. സന്തോഷ്. ബി അറിയിച്ചു.

Scroll to Top