‘കാസറഗോഡ് ബീച്ച് റണ്‍ 2026’ന് സംഘാടകസമിതിയായി
കാസര്‍കോടിന്റെ ടൂറിസം ഭൂപടത്തിലേക്ക് നെല്ലിക്കുന്ന് ബീച്ചിന്റെ മനോഹാരിത കൂടി കൂട്ടിച്ചേര്‍ക്കാന്‍ വിപുലമായ പദ്ധതികളുമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കാസര്‍കോട് നഗരസഭയും കൈകോര്‍ക്കുന്നു. പ്രകൃതിഭംഗി തുളുമ്പുന്നതും എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഏറെ പരിചിതമല്ലാത്തതുമായ നെല്ലിക്കുന്ന് ബീച്ചിനെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും ആഭ്യന്തര ടൂറിസത്തിന് പുതിയ ഉണര്‍വ് നല്‍കാനുമായി ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, കാസറഗോഡ് നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വരുന്ന ഞായറാഴ്ച(മെയ് 24)’കാസറഗോഡ് ബീച്ച് റണ്‍ 2026′ സംഘടിപ്പിക്കുന്നു. അതിന്റെ മുന്നോടിയായുള്ള സംഘാടക സമിതി യോഗം നെല്ലിക്കുന്ന് മത്സ്യഭവനില്‍ ചേര്‍ന്നു.
സംഘാടകസമിതി യോഗം കാസര്‍കോട് നഗരസഭ അധ്യക്ഷ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ എം ഹനീഫ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി പി ബി ഷാജു, സബ് ഇന്‍സ്‌പെക്ടര്‍ കെ ടി വി രാജേഷ് എന്നിവര്‍ സംസാരിച്ചു. നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ സമീന മുജീബ്, ഹമീദ് ബദിര, ജാഫര്‍ കമാല്‍ എന്നിവര്‍ സംസാരിച്ചു.കാസര്‍കോട് നഗരസഭ അധ്യക്ഷ ഷാഹിന സലീം ചെയര്‍മാനായും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍ കണ്‍വീനറായും ഉള്ള സംഘാടക സമിതിയാണ് നിലവില്‍ വന്നത്.
ആരോഗ്യകരമായ ജീവിതശൈലി ജനങ്ങളില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള ബീച്ച് റണ്‍
നെല്ലിക്കുന്ന് ലൈറ്റ് ഹൗസില്‍ നിന്ന് ആരംഭിച്ച് കസബ ബീച്ച് റോഡ്, ഹാര്‍ബര്‍ ഗേറ്റ്, പുലിമുട്ട്, നെല്ലിക്കുന്ന് ബീച്ച് എന്നിവ ഉള്‍പ്പെടുന്ന മനോഹരമായ തീരദേശ പാതയിലൂടെ 6 കിലോമീറ്റര്‍ ദൂരം പിന്നിട്ട് റണ്‍ വീണ്ടും ലൈറ്റ് ഹൗസില്‍ തന്നെ സമാപിക്കും. ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും സംഘാടകര്‍ മെഡലുകള്‍ സമ്മാനിക്കും. മത്സര വിജയികള്‍ക്കായി പ്രത്യേക സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.
റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രഭാതഭക്ഷണവും കുടിവെള്ള വിതരണ കേന്ദ്രങ്ങളും റൂട്ടില്‍ ഉടനീളം സജ്ജീകരിക്കുന്നതാണ്.
ആരോഗ്യ വകുപ്പ്, പോലീസ്, ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, കുടുംബശ്രീ, ശുചിത്വമിഷന്‍, പി.ആര്‍.ഡി ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. ഇതിന് മുന്നോടിയായി മെയ് 22-ന് നെല്ലിക്കുന്ന് ബീച്ചില്‍ വിപുലമായ ജനകീയ ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിക്കും.ബീച്ച് റണ്ണില്‍ പങ്കെടുക്കാന്‍ യാതൊരു രജിസ്‌ട്രേഷന്‍ ഫീസുമില്ല. താല്പര്യമുള്ള കായികപ്രേമികള്‍ക്ക് ഡി.ടി.പി.സി കാസറഗോഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.dtpckasaragod.com വഴി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് സംഘാടകര്‍. അറിയിച്ചു. ഫോണ്‍ -04994-256450, 8547162679.




