വലിയ സ്വപ്നങ്ങള്‍ കാണാനും അവ നേടിയെടുക്കാനുമുള്ള വിജയമന്ത്രം നിരന്തരമായ പരിശ്രമവും കഠിനാധ്വാനവും മാത്രമാണെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. കളക്ടറേറ്റില്‍ വെച്ച് നടന്ന ‘നമസ്തേ കളക്ടര്‍’ പരിപാടിയില്‍ കുട്ടികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. കല്ലും മുള്ളും നിറഞ്ഞ തന്റെ സിവില്‍ സര്‍വീസ് യാത്രയെക്കുറിച്ചും പ്രതിസന്ധികളെ മറികടന്ന് ഐ.എ.എസ് എന്ന സ്വപ്ന നേട്ടത്തിലേക്ക് എത്തിയ കഥയും കളക്ടര്‍ പങ്കുവെച്ചപ്പോള്‍ കേട്ടിരുന്ന കുട്ടികളുടെ കണ്ണുകളില്‍ കൗതുകവും ആവേശവും നിറഞ്ഞു. പാട്ടുകളും ചോദ്യത്തരങ്ങളും പൊട്ടിച്ചിരികളും നിറഞ്ഞ സൗഹൃദ സംഭാഷണങ്ങള്‍ക്ക് വേദിയായി കളക്ടറുടെ ചേംബര്‍.
മധൂര്‍, കുമ്പള, ബദിയടുക്ക ഗ്രാമപഞ്ചായത്തുകളിലെ ഉന്നതികളില്‍ ഉള്‍പ്പെടുന്ന 26 വിദ്യാര്‍ത്ഥികളാണ് കളക്ടറെ നേരിട്ട് കാണാനും വിശേഷങ്ങള്‍ പങ്കുവെക്കാനുമായി എത്തിയത്. ജില്ലാ കുടുംബശ്രീ മിഷന്റെ പ്രത്യേക പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളോട്, സ്വന്തം അവകാശങ്ങളും ആവശ്യങ്ങളും സമൂഹത്തോട് ചോദിച്ചു വാങ്ങാന്‍ പ്രാപ്തിയുള്ളവരായി വളരണമെന്ന് കളക്ടര്‍ ഓര്‍മ്മിപ്പിച്ചു.
കുട്ടികളുടെ സാമൂഹ്യ പഠനമുറികളിലേക്ക് ആവശ്യമായ സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ബോള്‍ ആവശ്യപ്പെട്ട കുമ്പള സ്വദേശിയായ സൗരവിന് കളക്ടര്‍ നേരിട്ട് ബോള്‍ സമ്മാനമായി നല്‍കി. കൂട്ടത്തില്‍ തനിക്കൊരു സൈക്കിള്‍ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച സന്ദേശ് എന്ന മിടുക്കന് എത്രയും വേഗം സൈക്കിള്‍ വാങ്ങി നല്‍കാന്‍ കുടുംബശ്രീ ജില്ലാ മിഷന് കളക്ടര്‍ അടിയന്തര നല്‍കുകയും ചെയ്തു. പരിപാടിയില്‍ വിതരണം ചെയ്ത മധുരത്തോടൊപ്പം തങ്ങളുടെ പ്രിയപ്പെട്ട കളക്ടറെ അടുത്തു കണ്ട്, മനസ്സ് തുറന്ന് സംസാരിക്കാനും ആവശ്യങ്ങള്‍ അറിയിക്കാനും കഴിഞ്ഞതിന്റെ ഇരട്ടി മധുരവുമായാണ് കുട്ടികള്‍ കളക്ടറേറ്റില്‍ നിന്നും പടിയിറങ്ങിയത്. പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട്, അസിസ്റ്റന്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ യദുരാജ്, മൂന്ന് പഞ്ചായത്തുകളിലെയും ആനിമേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.




