നഗരത്തില്‍ 15 മാലിന്യസംഭരണികള്‍ സ്ഥാപിച്ചു
നഗരസഭാ പരിധിയിലെ മാലിന്യപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ 15 പുതിയ മാലിന്യസംഭരണികള്‍ സ്ഥാപിച്ചു. പൊതുജനങ്ങള്‍ക്ക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി തരംതിരിച്ച് നിക്ഷേപിക്കാന്‍ കൃത്യമായ സൗകര്യമൊരുക്കുക എന്നതാണ് പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമാക്കുന്നത്. ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും പ്രത്യേകം നിക്ഷേപിക്കാന്‍ സാധിക്കുന്ന തരത്തില്‍ രണ്ട് അറകളോട് കൂടിയതാണ് ഓരോ സംഭരണിയും. ലോഹം കൊണ്ടു നിര്‍മ്മിച്ച ഇത്തരം 35 പെട്ടികള്‍ നഗരത്തില്‍ സ്ഥാപിക്കും. ഇതിന്റെ ആദ്യഘട്ടമായാണ് 15 എണ്ണം ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. ബാക്കിയുള്ളവ വരും ദിവസങ്ങളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് എപ്പോഴും പ്രഥമ പരിഗണന നല്‍കണമെന്നും വരും തലമുറയ്ക്കായി പ്രകൃതിയെ കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കൂട്ടായി സ്വീകരിക്കേണ്ടതുണ്ടെന്നും നഗരസഭാധ്യക്ഷന്‍ വി.വി രമേശന്‍ പറഞ്ഞു.




