മഴക്കാലത്തിനു മുന്നോടിയായി ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തന മുന്നൊരുക്കങ്ങളുടെ നടപടിക്രമങ്ങള്‍ എത്രയും വേഗത്തിലാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. മഴക്കാലത്തിന് മുന്നോടിയായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയില്‍ ചിലവഴിക്കുന്ന ഫണ്ടുകളുടെ വിനിയോഗം കാലതാമസം കൂടാതെ കാര്യക്ഷമമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
ജില്ലയിലെ മൊത്തം മാലിന്യനിര്‍മാര്‍ജനത്തിനും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി വിടാനും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷകനായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ജില്ലയിലെ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി. പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയിലെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷും ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍, മഴക്കാല ശുചീകരണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളില്‍ എല്‍.എസ്.ജി.ഡി ജോയിന്‍ ഡയറക്ടര്‍ ജയ്സണ്‍ മാത്യുവും അവലോകനം നടത്തി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കിനെപ്പറ്റി ദുരന്തനിവാരണ വിഭാഗം ഹസാര്‍ഡ് അനലിസ്റ്റ് ശില്പ ക്ലാസ് എടുത്തു. ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.ജയന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ ജയ്സണ്‍ മാത്യു സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ് നന്ദിയും പറഞ്ഞു.




