മലയോര മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാവുകയാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക്. മൃഗങ്ങളെ ആശുപത്രികളില്‍ എത്തിക്കാനുള്ള കര്‍ഷകരുടെ യാത്രാക്ലേശം ഒഴിവാക്കി, വീട്ടുപടിക്കല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ. പദ്ധതി ആരംഭിച്ച് ഇതുവരെ മൂവായിരത്തിലധികം വിവിധ തരത്തിലുള്ള കേസുകള്‍ക്കാണ് മൊബൈല്‍ യൂണിറ്റ് ചികിത്സ നല്‍കിയത്.
ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2022 നവംബര്‍ ഒന്നിനാണ് മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തന സമയം. നിലവില്‍ പ്രതിമാസം 70 മുതല്‍ 80 വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പശു, ആട് എന്നിവയ്ക്കാണ് കൂടുതലായും ചികിത്സ നല്‍കിവരുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ ചെറിയ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ വീട്ടിലെത്തി ചെയ്തു കൊടുക്കുന്നുണ്ട്.
വളരെ ശ്രമകരമായ അടിയന്തര ചികിത്സകള്‍ പോലും കര്‍ഷകരുടെ വീടുകളില്‍ നേരിട്ടെത്തി നല്‍കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ ആല്‍വിന്‍ ജെയിംസ്‌കുട്ടിക്കാണ് ചുമതല. ഇതു വരെ മൂവായിരത്തിമുന്നൂറിലധികം വ്യത്യസ്ത കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഡോക്ടര്‍ ആല്‍വിന് സാധിച്ചു.
ബാനത്ത് പശുവിന് പ്രസവത്തോട് അനുബന്ധിച്ച് ഗര്‍ഭാശയം പുറത്ത് വന്നപ്പോള്‍ തുണയായത് ബ്ലോക്കിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റാണ്. പ്രസവം കഴിഞ്ഞുള്ള ഗര്‍ഭാശയത്തിന്റെ പുറന്തള്ളല്‍ പശുക്കളില്‍ ഉണ്ടാകുന്ന ഏറ്റവും ഗുരുതരമായ സങ്കീര്‍ണതകളിലൊന്നാണ് ഇത്. ഗര്‍ഭാശയം ഭാഗികമായോ പൂര്‍ണമായോ പുറന്തള്ളപ്പെടുന്ന ഈ അവസ്ഥയില്‍ ഉടന്‍ വിദഗ്ധ ചികിത്സ നല്‍കി പൂര്‍വസ്ഥിതിയിലാക്കിയില്ലെങ്കില്‍ രക്തവാര്‍ച്ചയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ച് പശുവിന്റെ ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഗതാഗത സൗകര്യം കുറഞ്ഞ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് അരുമ മൃഗങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും അസുഖം വന്നാല്‍ ആശുപത്രിയില്‍ എത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമാവുകയാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റ്.




