കുറഞ്ഞ നിരക്കില്‍ പ്രത്യേക പ്ലാനുകള്‍ വേണം; കേന്ദ്ര മന്ത്രിക്കു നിവേദനം നല്‍കി ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മറ്റി
ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസി തൊഴിലാളികള്‍ നേരിടുന്ന സിം കാര്‍ഡ് റദ്ദ് ചെയ്യല്‍ ഭീഷണിക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നല്‍കി.
ബാങ്ക് അക്കൗണ്ടുകള്‍, യു.പി.ഐ (UPI) സേവനങ്ങള്‍, ഔദ്യോഗിക രേഖകളുടെ വേരിഫിക്കേഷന്‍, വിവിധ സര്‍ക്കാര്‍ പോര്‍ട്ടലുകള്‍ എന്നിവക്കെല്ലാം ഇന്ത്യന്‍ മൊബൈല്‍ നമ്പറുകളിലേക്ക് വരുന്ന ഒ.ടി.പി (OTP) നിര്‍ബന്ധമായ സാഹചര്യത്തില്‍ സിം കാര്‍ഡുകള്‍ സജീവമായി നിലനിര്‍ത്തേണ്ടത് പ്രവാസികള്‍ക്ക് അത്യന്താപേക്ഷിതമാണ്. എന്നാല്‍ നിലവില്‍ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളുടെ വാര്‍ഷിക റീചാര്‍ജ് നിരക്കുകള്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് താങ്ങാനാകുന്നതിലും അപ്പുറമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചു.
കേവലം ഒ.ടി.പി ലഭിക്കുന്നതിനായി മാത്രം ഇത്രയും വലിയ തുക മുടക്കേണ്ടി വരുന്നത് ഗള്‍ഫിലെ കുറഞ്ഞ ശമ്പളക്കാരായ തൊഴിലാളികള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. കൃത്യമായി റീചാര്‍ജ് ചെയ്യാത്തതിനെ തുടര്‍ന്ന് സിം കാര്‍ഡുകള്‍ കൂട്ടത്തോടെ റദ്ദാക്കപ്പെടുന്നത് മൂലം ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെയും മറ്റ് അവശ്യ സേവനങ്ങളുടെയും നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയാണ്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വിദേശ നാണ്യത്തിലൂടെ വലിയ സംഭാവന നല്‍കുന്ന പ്രവാസികളുടെ ഈ ദുരിതത്തിന്
അടിയന്തര പരിഹാരം കാണണമെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി ആവശ്യപ്പെട്ടു.




