റിയാദ്: സൗദി അറേബ്യ അതിശൈത്യത്തിലേക്ക് നീങ്ങുന്നു. താപനിലയില്‍ വന്‍ കുറവുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ചില മേഖലകളില്‍ താപനില -3 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍, ഹാഇല്‍, കിഴക്കന്‍ പ്രവിശ്യയുടെ വടക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നും അതിശൈത്യം അനുഭവപ്പെടുമെന്നും കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസ്സൈന്‍ അല്‍ ഖത്താനി അറിയിച്ചു. ഈ ദിവസങ്ങളില്‍ കുറഞ്ഞ താപനില പൂജ്യം മുതല്‍ -3 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശീത തരംഗം അല്‍ ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു. താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസിനും 5 ഡിഗി സെല്‍ഷ്യസിനും ഇടയില്‍ കുറയും. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റും വീശും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഈ മേഖലകളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. മക്ക, മദീന, തീര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകിച്ച് പകല്‍ സമയം കാറ്റ് വീശും.
കാലാവസ്ഥ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പുകള്‍ പിന്തുടരണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുകയും സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മക്ക, മദീന എന്നിവിടങ്ങളിലേക്ക് പൊടിക്കാറ്റ് വ്യാപിക്കാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. കാലാവസ്ഥ മാറ്റത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.