സിറിയയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി. ഡമാസ്‌കസിലെ എംബസി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു. ഇന്ത്യക്കാര്‍ സിറിയയിലേക്ക് പോകരുതെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. സിറിയയിലുള്ളവര്‍ക്ക് പെട്ടെന്ന് തിരിച്ചെത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സിറിയ വിമതര്‍ പിടിച്ചെടുത്തതോടെ വ്യാപക അക്രമം. കൊട്ടാരത്തിന് നേരെ വിമതര്‍ വെടിയുതിര്‍ത്തു. രാജ്യം വിട്ട പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെപ്പറ്റി സൂചനകളില്ല. പ്രസിഡന്റിന്റെ കൊട്ടാരം വിമതര്‍ കൊള്ളയടിക്കുന്നതിന്റെയും പ്രസിഡന്റിന്റെ പ്രതിമ തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അസദ് രാജ്യം വിട്ട വിമാനം വെടിവച്ചിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
വിമതസംഘമായ എച്ച് ടി എസ് ദമാസ്‌കസില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഭരണസ്ഥാപനങ്ങള്‍ ഔദ്യോഗികമായി കൈമാറുന്നതുവരെ സിറിയയുടെ ഭരണം അല്‍ അസദിന്റെ പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലായിരിക്കുമെന്ന് എച്ച് ടി എസ് കമാന്‍ഡര്‍ അബു മുഹമ്മദ് അല്‍ ജുലാനി അറിയിച്ചു. സിറിയയിലേത് അപകടകരമായ സംഭവവികാസമാണെന്ന് ഖത്തര്‍, സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ്, തുര്‍ക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.