കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി വീട്ടുപടിക്കല്‍; ഹോം ഷോപ്പ് പദ്ധതിയുമായി കുടുംബശ്രീ

കാസര്‍കോട്: നല്ലത് വാങ്ങൂ.. നല്ലത് കഴിക്കൂ’ എന്ന ശീര്‍ഷകവുമായി കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലേക്കും നേരിട്ടെത്തിക്കാന്‍ കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷന്‍ ഒരുങ്ങുന്നു. വിപണിയിലെ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ന്ന ഭക്ഷണസാധനങ്ങള്‍ക്ക് പകരമായി പൂര്‍ണ്ണമായും വിഷരഹിതവും ഗുണമേന്മയുള്ളതുമായ നാടന്‍ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഹോം ഷോപ്പ്’ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ തന്നെ ജില്ലയിലെ 6 ബ്ലോക്കുകളിലും പദ്ധതി നടപ്പിലാക്കും. നിലവില്‍ വിപണന മേഖലയില്‍ കുടുംബശ്രീ സംരംഭകര്‍ നേരിടുന്ന വലിയ പ്രതിസന്ധികള്‍ക്ക് പരിഹാരമാകുന്നതാണ് ഈ പുതിയ ചുവടുവെപ്പ്.

പരിശീലനം ലഭിച്ച മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാര്‍
ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ പ്രവര്‍ത്തനം. ഒരു വാര്‍ഡില്‍ നിന്ന് 2 വീതം സെയില്‍സ് എക്‌സിക്യൂട്ടീവുമാരെ തെരഞ്ഞെടുക്കും. ഉല്‍പ്പന്നങ്ങളുടെ വിപണനം, ഉപഭോക്താക്കളുമായുള്ള ആശയവിനിമയം എന്നിവയില്‍ ഇവര്‍ക്ക് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക വിദഗ്ധ പരിശീലനം നല്‍കും. ഈ എക്‌സിക്യൂട്ടീവുമാര്‍ വഴി സംരംഭങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ നേരിട്ട് വീടുകളിലേക്ക് ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചു നല്‍കുന്നതാണ് രീതി.

ജില്ലയിലെ 42 സിഡിഎസുകളില്‍ നിന്നായി 1600-ഓളം സാധാരണക്കാരായ സ്ത്രീകള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാന്‍ ഹോം ഷോപ്പ് പദ്ധതിയിലൂടെ സാധിക്കും. ഇത് ജില്ലയിലെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും വലിയ ഊര്‍ജ്ജമാകും. പുതിയ സംരംഭകത്വ മേഖലകളിലേക്ക് കടന്നുവരാന്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് ഇത് പ്രചോദനമേകും.

ജില്ലയിലാകെ എണ്ണായിരത്തിലധികം കുടുംബശ്രീ ചെറുകിട സംരംഭങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇവയില്‍ നിന്ന് ഹോം ഷോപ്പ് വഴി വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കര്‍ശനമായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കും.
സംരംഭകര്‍ക്ക് ഉല്‍പ്പാദന ഘട്ടത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കും.ഗുണമേന്മ പൂര്‍ണ്ണമായും ബോധ്യപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മാത്രമേ വിപണനത്തിനായി തെരഞ്ഞെടുക്കൂ.ഇടനിലക്കാരില്ലാത്തതിനാല്‍ മികച്ച ക്വാളിറ്റിയുള്ള സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആദായവിലയ്ക്ക് ലഭ്യമാകും.

മികച്ച ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നിര്‍മ്മിച്ചാലും അവ കൃത്യമായി ഉപഭോക്താക്കളിലേക്ക് എത്തുന്നില്ല എന്നതായിരുന്നു കുടുംബശ്രീ യൂണിറ്റുകള്‍ നേരിട്ട പ്രധാന വെല്ലുവിളി. വലിയ ബ്രാന്‍ഡുകളോട് മത്സരിച്ച് വിപണി കണ്ടെത്തുക പലര്‍ക്കും അസാധ്യമായിരുന്നു. എന്നാല്‍ എല്ലാ വീടുകളിലേക്കും നേരിട്ട് ശൃംഖല സ്ഥാപിക്കുന്നതോടെ ഈ വിപണന പ്രതിസന്ധിക്ക് പൂര്‍ണ്ണ പരിഹാരമാകും എന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് വ്യക്തമാക്കി.
42 സിഡിഎസ്സുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനും ആലോചനയുണ്ട്.

പ്രാദേശിക വിപണന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി സംരംഭകരെ സഹായിക്കാനും അതേസമയം പൊതുജനങ്ങള്‍ക്ക് വിശ്വസ്തതയോടെ വാങ്ങാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങള്‍ ഉറപ്പാക്കാനും ഈ കാസര്‍കോട് മോഡല്‍ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

Scroll to Top