കാടും മലയും അതിര്‍ത്തിയും തീര്‍ത്ത പരിമിതികളുടെ കരിമ്പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് സ്വപ്നങ്ങളുടെ ആകാശത്തേക്ക് ചിറകടിച്ചുയരാനുള്ള മനസ്സുമായി 24 കുട്ടികള്‍ കളക്ടറേറ്റിലെത്തി. കുടുംബശ്രീ ജില്ലാ മിഷന്റെ കൊറഗ പ്രത്യേക പദ്ധതിയുടെ ഗുണഭോക്താക്കളായ വോര്‍ക്കാടി, എന്‍മകജെ, മംഗല്‍പാടി, പൈവളികെ, മീഞ്ച എന്നീ അതിര്‍ത്തി ഗ്രാമങ്ങളിലെ വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ നടന്ന ‘നമസ്തേ കളക്ടര്‍’ പരിപാടി ജില്ലാ ഭരണസംവിധാനത്തിന് തന്നെ ഹൃദയസ്പര്‍ശിയായ അനുഭവമായി.
ഭാവി പൗരന്മാരെ ഭരണസംവിധാനങ്ങളോട് ചേര്‍ത്തുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ‘നമസ്തേ കളക്ടര്‍’ പദ്ധതിയുടെ ഏഴാമത്തെ ബാച്ചായിരുന്നു ഇത്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കുട്ടികളോടൊപ്പം സമയം ചെലവഴിച്ച് അവരുടെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മറുപടി നല്‍കിയപ്പോള്‍, പരിപാടി ഒരു ഔപചാരിക സന്ദര്‍ശനത്തിനപ്പുറം ജനാധിപത്യത്തിന്റെ ജീവനുള്ള പാഠശാലയായി മാറി.
മീഞ്ച, മംഗല്‍പാടി, എന്‍മകജെ പഞ്ചായത്തുകളിലെ ഉന്നതികളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനമുറി സൗകര്യങ്ങളുടെ അഭാവം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഉള്‍പ്രദേശങ്ങളായതിനാല്‍ സ്‌കൂളുകളിലെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നതായും ഇവിടങ്ങളെ വിദ്യാവാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കുട്ടികള്‍ കളക്ടറോട് ആവശ്യപ്പെട്ടു. മീഞ്ച, വോര്‍ക്കാടി പ്രദേശങ്ങളില്‍ പഠനാവശ്യങ്ങള്‍ക്ക് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കണമെന്നും കുട്ടികള്‍ അറിയിച്ചു. വിഷയങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സൈക്കിള്‍ ആവശ്യപ്പെട്ട രണ്ട് കുട്ടികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കാന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട്, ഡി.പി.എം കെ.ടി. ജിതിന്‍, കുടുംബശ്രീ ആനിമേറ്റര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ജില്ലാ സംവിധാനവും വിദ്യാര്‍ഥികളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുകയും ഭരണപ്രക്രിയയില്‍ യുവജന പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച് 18-നാണ് ‘നമസ്തേ കളക്ടര്‍’ പദ്ധതിക്ക് തുടക്കമായത്. ഭരണസംവിധാനങ്ങളെ നേരിട്ട് മനസ്സിലാക്കാന്‍ അവസരം നല്‍കുന്ന പദ്ധതി വരും ദിവസങ്ങളില്‍ ജില്ലയിലെ കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ dcipksd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം.




