മഴക്കാലത്തെ സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തിലും വിവിധ വാര്‍ഡുകളിലുമായി മഴക്കാലപൂര്‍വ്വ ശുചീകരണവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. നഗരസഭാധ്യക്ഷന്‍ വി.വി രമേശന്‍, ഉപാധ്യക്ഷ ലതാ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം ഏകോപിപ്പിച്ചത്. നഗരസഭയിലെ വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരും വാര്‍ഡ് കൗണ്‍സിലര്‍മാരും അതാത് പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കി.
നഗരസഭാ പരിധിയിലെ പൊതു ഇടങ്ങളും പാതയോരങ്ങളും വ്യത്തിയാക്കുന്നതിലും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിലും ഹരിതകര്‍മ്മ സേനാ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. വീടുകളും സ്ഥാപനങ്ങളും പരിസരങ്ങളും മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കാനും ഈ കൂട്ടായ്മയിലൂടെ സാധിച്ചു. വരും ദിവസങ്ങളിലും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് നഗരസഭയുടെ തീരുമാനം.




