തിരുവനന്തപുരം: വയനാട് പുനരധിവാസം സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോള്‍ കര്‍ണാടകയെ അറിയിക്കാമെന്ന് മുഖ്യമന്ത്രി പറയുന്നു. സുതാര്യമായ സ്‌പോണ്‍സര്‍ ഷിപ്പ് ഫ്രെയിം വര്‍ക്ക് തയ്യാറാക്കി വരുകയാണ്. വൈത്തിരി താലൂക്കില്‍ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളില്‍ ടൗണ്‍ ഷിപ്പ് സ്ഥാപിച്ച് പുനരധിവാസം ആലോചിക്കുന്നുണ്ട്. കര്‍ണാടക സര്‍ക്കാരിന്റേതടക്കം എല്ലാ ഓഫറുകളും ഉറപ്പ് വരുത്തും. പ്ലാനിന്റെ ഓരോ ഘട്ടവും ട്രാക്ക് ചെയ്യാവുന്ന രീതിയിലാണ് പദ്ധതി തയ്യാറാകുന്നതെന്നും വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 100 വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായം വാ?ഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ലഭിച്ച നിരവധിയായ സഹായ നിര്‍ദേശങ്ങളെ ഏകോപിപ്പിച്ച്, ഒരു സമഗ്രവും സുതാര്യവുമായ സ്‌പോണ്‍സര്‍ഷിപ്പ് ഫ്രെയിംവര്‍ക്ക് രൂപീകരിക്കുന്നതിലേക്ക് നിലവില്‍ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ സൂചിപ്പിച്ചു. ഈ സമഗ്രമായ പുനരധിവാസ പദ്ധതിയില്‍ കര്‍ണാടക സര്‍ക്കാരിന്റേതുള്‍പ്പെടെ ഉദാരമായ എല്ലാ ഓഫറുകളും സംയോജിപ്പിക്കുമെന്ന് ഉറപ്പുവരുത്തും. പ്ലാനിന്റെ പുരോഗതി തത്സമയ ട്രാക്കിംഗ് സൗകര്യങ്ങളില്‍ ട്രാക്ക് ചെയ്യാന്‍ കഴിയുമെന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.