ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ ആറംഗ സമിതി അന്വേഷണം നടത്തും
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറലിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നും വീഴ്ചകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എംഎസ് സൊല്യൂഷന്‍സിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി, അധ്യാപകരുടെ സ്വകാര്യ ട്യൂഷനടക്കം അന്വേഷിക്കുമെന്നും പറഞ്ഞു.
ആറംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ചോദ്യപേപ്പര്‍ വിതരണത്തില്‍ വീഴ്ച്ച ഉണ്ടെങ്കില്‍ പരിഹരിക്കും. ചോര്‍ച്ച സംബന്ധിച്ച് അര മണിക്കൂറോളം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കര്‍ശന നടപടിയെടുക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പുറമേയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ചോദ്യപേപ്പര്‍ അച്ചടിച്ചത് സി ആപ്റ്റിലാണെന്നും ബിആര്‍സികള്‍ വഴിയാണ് ചോദ്യപ്പേപ്പര്‍ വിതരം ചെയ്തതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അര്‍ധ വാര്‍ഷിക പരീക്ഷാ ചോദ്യപ്പേപ്പറുകള്‍ വളരെ നേരത്തേ സ്‌കൂളുകളില്‍ എത്താറുണ്ട്. ഇത്തരം സംഭവം മേലില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നടപടി. അധ്യാപകര്‍ സ്‌കൂളുകള്‍ക്ക് മുന്നിലെ ട്യൂഷന്‍ കേന്ദ്രങ്ങളില്‍ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ കാര്യവും അന്വേഷിക്കും.
എംഎസ് സൊല്യൂഷന്‍സ് പരിധികളെല്ലാം ലംഘിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണ്. സ്ഥാപനം മര്യാദയുടെ പരിധികള്‍ ലംഘിച്ചു. പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുന്ന വിധത്തില്‍ സ്ഥാപനം പ്രവര്‍ത്തിച്ചുവെന്നും മന്ത്രി വിമര്‍ശിച്ചു. ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നതില്‍ മാറ്റം വരുത്തുമെന്നും വിരമിച്ച ഒരു അധ്യാപകന് എംഎസ് സൊല്യൂഷനുമായി ബന്ധം ഉണ്ടെന്ന് ഡിഡിഇയുടെ റിപ്പോര്‍ട്ട് കിട്ടിയെന്നും മന്ത്രി പറഞ്ഞു.