മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നിവേദനം നല്‍കി

കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ അമിത പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സ്റ്റേഷന്‍ മാസ്റ്ററിന് നിവേദനം നല്‍കി..

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് ഫീസിന്റെ പേരില്‍ വാഹന ഉടമകളില്‍ നിന്ന് അമിത തുക ഈടാക്കുന്നതില്‍ വലിയ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ സ്റ്റേഷന്‍ മാസ്റ്ററിന് നിവേദനം നല്‍കി.യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ കാര്‍ പാര്‍ക്കിങ്ങിന് 300 രൂപയാണ് ഫീസായി ഈടാക്കുന്നത്. അതേസമയം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 6 മണിക്കൂര്‍ പാര്‍ക്കിങ്ങിന് 60 രൂപയും 12 മണിക്കൂറിന് 100 രൂപയും 24 മണിക്കൂറിന് 200 രൂപയുമാണ് ഫീസായി ഈടാക്കുന്നത്.
? പ്രീമിയം പാര്‍ക്കിങ് എന്ന പേരിലാണ് കാസര്‍കോട്ട് അമിത ഫീസ് ഈടാക്കുന്നത്. പ്രീമിയം പാര്‍ക്കിങ്ങിനായി വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുകയും ഏജന്‍സി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയും വേണം. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനുള്ള സുരക്ഷ ഒരുക്കുക, പൊടിപടലങ്ങള്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ടെന്റുകള്‍ നിര്‍മ്മിക്കുക എന്നിവയും ആവശ്യമാണ്. എന്നാല്‍ ഇതൊന്നും ഒരുക്കാതെയാണ് സ്റ്റേഷനിലെ ലൈസന്‍സി അമിത ഫീസ് ഈടാക്കുന്നത്.
? മറ്റു റെയില്‍വേ സ്റ്റേഷനുകളില്‍ പാര്‍ക്കിങ്ങിന് സാധാരണ ഫീസ് ഈടാക്കുമ്പോള്‍ കാസര്‍കോട് സ്റ്റേഷനില്‍ മാത്രം അമിത ഫീസ് ഈടാക്കുന്ന വിഷയം അന്വേഷിച്ച് അടിയന്തരമായി അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് മുസമ്മില്‍ എസ്.കെ, ജനറല്‍ സെക്രട്ടറി അനസ് കണ്ടത്തില്‍, ട്രഷറര്‍ സഫ്വാന്‍ അണങ്കൂര്‍, താജു ബെല്‍ക്കാട്, ശാക്കിര്‍ ബെദിര എന്നിവര്‍ സംബന്ധിച്ചു.

Scroll to Top