ഭിക്ഷക്കാര്‍ക്ക് നിങ്ങള്‍ പണം നല്‍കിയാല്‍, ഈ ഇന്ത്യന്‍ നഗരം നിങ്ങള്‍ക്കെതിരെ കേസെടുക്കും
നഗരത്തില്‍ ആര് ഭിക്ഷാടനം നടത്തിയാലും ഭിക്ഷാടകര്‍ക്ക് ആര് പണം നല്‍കിയാലും അവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുമെന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചത്
നമ്മുടെ തെരുവുകളിലും നഗരങ്ങളിലും ഭിക്ഷക്കാരെ കാണാത്തവര്‍ ഉണ്ടാകില്ല. അവര്‍ കൂടി അടങ്ങുന്നതാണ് ഓരോ തെരുവുമെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ പോലും അവരുടെ സാന്നിധ്യത്തിന് കഴിഞ്ഞിട്ടുണ്ട്. ഏങ്ങനയൊണ് ഒരാള്‍ ഭിക്ഷാടകനാകുന്നതെന്ന് ചോദിച്ചാല്‍, സ്വന്തം ജീവിത സാഹചര്യങ്ങള്‍ മുതല്‍ സ്വന്തം പൌരന്റെ ക്ഷേമത്തില്‍ ശ്രദ്ധ ചെലുത്താത്ത ഭരണകൂടം വരെ ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്താണ്. എന്നാല്‍, ഇന്ത്യയില്‍ കാര്യങ്ങള്‍ മാറുകയാണ്. തെരുവുകളിലെ ഭിക്ഷാടകര്‍ നഗരത്തിന്റെ സൌന്ദര്യത്തിന് തടസം നില്‍ക്കുന്നെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ തെരഞ്ഞെടുത്ത ക്ഷേത്ര നഗരങ്ങളില്‍ നിന്നും ഭിക്ഷാടനം നിരോധിച്ചു. ഒപ്പം നഗരങ്ങളില്‍ നിന്ന് ഭിക്ഷാടകരെ പുറന്തള്ളും.
ഇതിന്റെ ആദ്യ പടിയായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ 2025 ജനുവരി ഒന്ന് മുതല്‍ ഭിക്ഷാടനം നിരോധിച്ചു. അന്ന് മുതല്‍ തെരുവില്‍ ഒരാള്‍ നിങ്ങളോട് ഭിക്ഷയാചിച്ചെത്തിയാല്‍ അയാളുടെ ദയനീയാവസ്ഥ കണ്ട്, അലിവ് തോന്നി പണമോ ഭക്ഷണമോ മറ്റോ കൊടുത്താല്‍ പോലീസ് നിയമലംഘനത്തിന് നിങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കും. ഇന്‍ഡോറില്‍ ഭിക്ഷാടനം നിരോധിച്ചു കൊണ്ട് ഭരണകൂടം ഇതിനകം ഉത്തരവിറക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ ആശിഷ് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പുതിയ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഭിക്ഷാടനത്തിനെതിരായ ബോധവല്‍ക്കരണ കാമ്പയിന്‍ ഈ മാസം അവസാനം വരെ നഗരത്തില്‍ തുടരുമെന്നും ജനുവരി 1 മുതല്‍ ആരെങ്കിലും ഭിക്ഷാടനം നടത്തുകയോ ആരെങ്കിലും ഭിക്ഷാടകര്‍ക്ക് പണം നല്‍കുന്നതായോ കണ്ടാല്‍ അവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആളുകള്‍ക്ക് ഭിക്ഷ നല്‍കി ‘പാപത്തില്‍’ പങ്കാളികളാകരുതെന്ന് ഇന്‍ഡോറിലെ എല്ലാ ജനങ്ങളോടും ജില്ലാ കളക്ടര്‍ ആശിഷ് സിംഗ് അഭ്യര്‍ത്ഥിച്ചു. നിലവില്‍ നഗരത്തില്‍ ഭിക്ഷാടനം നടത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡോര്‍ ഉള്‍പ്പെടെ രാജ്യത്തെ 10 നഗരങ്ങളെ ഭിക്ഷാടന മുക്തമാക്കുന്നതിനുള്ള കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ പൈലറ്റ് പദ്ധതിയുടെ തുടക്കമാണ് ഇന്‍ഡോറിലെ ഭിക്ഷാടനമുക്ത നഗരം പദ്ധതി. ഭാവിയില്‍ ഈ പദ്ധതി നൂറ് ക്ഷേത്ര നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ആ പട്ടികയില്‍ കേരളത്തില്‍ നിന്നും തിരുവനന്തപുരവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.