സാഹിത്യത്തിന്റെയും സര്‍ഗാത്മകതയുടെയും ഉത്സവമായി എസ്.എസ്.എഫ് കുമ്പള സാഹിത്യോത്സവ് സമാപിച്ചു.

സീതാംഗോളി: യുവതലമുറയുടെ സര്‍ഗശേഷിയും വായനാ സംസ്‌കാരവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതില്‍ സാഹിത്യ-സാംസ്‌കാരിക വേദികള്‍ക്ക് വലിയ പങ്കുണ്ടെന്ന് എസ്.എസ്.എഫ് കേരള പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ പറഞ്ഞു. എസ്.എസ്.എഫ് കുമ്പള ഡിവിഷന്റെ 33-ാമത് സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം സീതാംഗോളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ആശയങ്ങളുടെ പോരാട്ടം ശക്തമാകുന്ന കാലഘട്ടത്തില്‍ വിജ്ഞാനവും സാഹിത്യബോധവും യുവജനങ്ങള്‍ കൂടുതല്‍ ആര്‍ജിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

വിവിധ സെക്ഷനുകളിലായി നടന്ന മത്സരങ്ങളും ചര്‍ച്ചാ സെഷനുകളും ശ്രദ്ധേയമായി. സാഹിത്യം, കല, സാമൂഹിക ബോധം, സമകാലിക വിഷയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തത്തോടെ നടന്നു.
മത്സരഫലങ്ങളില്‍ സീതാംഗോളി സെക്ടര്‍ ചാമ്പ്യന്മാരായി. പുത്തിഗെ സെക്ടര്‍ രണ്ടാം സ്ഥാനവും അംഗടിമുഗര്‍ സെക്ടര്‍ മൂന്നാം സ്ഥാനവും നേടി. വ്യക്തിഗത നേട്ടങ്ങളില്‍ പുത്തിഗെ സെക്ടറിലെ ശമ്മാസ് സര്‍ഗപ്രതിഭയും ഇസ് കലാപ്രതിഭയും കരസ്ഥമാക്കി.

എസ്.എസ്.എഫ് കുമ്പള ജനറല്‍ സെക്രട്ടറി രിഫായി ഹിഷാമി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നസീര്‍ ഹിമമി അധ്യക്ഷത വഹിച്ചു.സന്ദേശ പ്രഭാഷണം നടത്തിയ എസ്.എസ്.എഫ് കേരള എക്‌സിക്യൂട്ടീവ് മെമ്പര്‍ യൂസുഫ് സഖാഫി മുത്തേടം, വായനയും എഴുത്തും പ്രസംഗശേഷിയും ഒരുപോലെ വളര്‍ത്തിയെടുക്കുന്ന വേദിയാണ് സാഹിത്യോത്സവെന്ന് അഭിപ്രായപ്പെട്ടു. മത്സരങ്ങളെ വിജയ-പരാജയങ്ങളുടെ കണ്ണിലൂടെ മാത്രം കാണാതെ വ്യക്തിത്വ വികാസത്തിനുള്ള അവസരമായാണ് കാണേണ്ടതെന്നും പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച കെ.എം.ജെ കാസര്‍ഗോഡ് സെക്രട്ടറി റഫീഖ് സഅദി ദേലംപാടി, സമൂഹത്തിന് ദിശാബോധം നല്‍കുന്ന നേതൃത്വത്തെ വാര്‍ത്തെടുക്കുന്നതില്‍ സാഹിത്യോത്സവങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് പറഞ്ഞു. എസ്.എസ്.എഫ് കാസര്‍ഗോഡ് ജനറല്‍ സെക്രട്ടറി ബാദുഷ സഖാഫി, ജില്ലയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തകര്‍ കാഴ്ചവെക്കുന്ന സര്‍ഗാത്മക മുന്നേറ്റങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. സ്വാഗതസംഘം കണ്‍വീനര്‍ അസ്ഗര്‍ അലി സഖാഫി പരിപാടിയുടെ വിജയത്തിന് സഹകരിച്ച മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു.

ആശംസാപ്രസംഗം നടത്തിയ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഹനീഫ് സഅദി, ഉമര്‍ സഖാഫി മുഹിമ്മാത്ത്, ലത്തീഫ് സഖാഫി മൊഗ്രാല്‍, ജമാല്‍ സഖാഫി പെര്‍വാഡ്, മുഹമ്മദ് സഖാഫി കുറ്റിയാളം, ആബിദ് ഫാളിലി എന്നിവര്‍ സാഹിത്യോത്സവത്തിന്റെ സംഘാടന മികവിനെയും മത്സരാര്‍ത്ഥികളുടെ പ്രകടനങ്ങളെയും അഭിനന്ദിച്ചു.
ഉമൈര്‍ സഖാഫി, ഹാഫിള് മിഖ്ദാദ് ഹിമമി, ഇബ്രാഹിം സഅദി, മുസ്തഫ ഹാജി പി.എസ്., അരമന അബ്ദുല്‍ റഹ്‌മാന്‍, ഇംതിയാസ് പൊട്ടുവളം, അബ്ബാസ് മിസ്ബാഹി, റഹീം സഖാഫി, ശഫീഖ് ടി., അബ്ദുള്ള പി.എ., അബൂബക്കര്‍ യു.എം. എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
ഫര്‍ഹാന്‍ ഹിമമി നന്ദി രേഖപ്പെടുത്തി. ജില്ലാതല സാഹിത്യോത്സവത്തിലേക്കുള്ള ആത്മവിശ്വാസവും ആവേശവും പകര്‍ന്ന വേദിയായാണ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചതെന്ന് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

Scroll to Top