പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ മാനേജ്മെന്റ് സ്റ്റഡീസ് ‘സംസ്‌കൃതിയിലൂടെ സമൃദ്ധി: വികസിത ഭാരതത്തിനായുള്ള സാംസ്‌കാരിക വിനോദസഞ്ചാര വികസനത്തിന് പരിവര്‍ത്തന ബിസിനസ് തന്ത്രങ്ങള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന് തുടക്കം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചി (ഐസിഎസ്എസ്ആര്‍)ന്റെ സഹകരണത്തോടെ നടക്കുന്ന സെമിനാര്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു.
ഇതര രാജ്യങ്ങളില്‍ നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് കാലത്തിനനുസൃതമായി നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അതിന്റെ സംസ്‌കാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്‌കാരികപരമായി രാജ്യം സമ്പന്നമാണ്. ഓരോ സംസ്ഥാനങ്ങള്‍ക്കും അതിന്റേതായ സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഉണ്ട്. ഈ വൈവിധ്യങ്ങളെയെല്ലാം ചേര്‍ത്തുപിടിച്ച് ഒരുമിച്ച് മുന്നേറുന്ന ജനതയാണെന്ന് നമ്മളെന്നും വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ടൂറിസം വിഭാഗം പ്രൊഫസര്‍ ഡോ. വൈ. വെങ്കട റാവു മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രൊഫ. ടി.ജി. സജി അധ്യക്ഷത വഹിച്ചു. ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി സംസാരിച്ചു. മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം അധ്യക്ഷന്‍ ഡോ. അരവിന്ദ് ആര്‍. ഗജഘോഷ് സ്വാഗതവും സെമിനാര്‍ കണ്‍വീനര്‍ ഡോ. എം. ജോണ്‍പോള്‍ നന്ദിയും പറഞ്ഞു. പ്രൊഫ. മനോജ് എഡ്വാര്‍ഡ് (കുസാറ്റ്), ഡോ. എ.എന്‍. വിജയകുമാര്‍, ഡോ. ലിങ്കമൂര്‍ത്തി (കര്‍ണാടക കേന്ദ്ര സര്‍വകലാശാല), ഡോ. ശരണ്‍കുമാര്‍ ഷെട്ടി (എജെഐഎം ബംഗളുരു) എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. സെമിനാര്‍ വെള്ളിയാഴ്ച സമാപിക്കും.




