മുളിയാര്‍: അക്ഷരത്തൊപ്പികളും വര്‍ണ്ണക്കുടകളുമായി ഒന്നാം ക്ലാസിലേക്ക് എത്തിയ കുരുന്നുകളെ വരവേറ്റ് ബോവിക്കാനം എ.യു.പി സ്‌കൂള്‍ പ്രവേശനോത്സവം. പുതുതായി സ്‌കൂളിലെത്തിയ എല്ലാ ക്ലാസുകളിലെയും കുട്ടികളെയും രക്ഷിതാക്കളെയും ചേര്‍ത്തുവെച്ച് നടത്തിയ പ്രവേശനോത്സവം ഹാള്‍ നിറഞ്ഞ ജനപങ്കാളിത്തം കൊണ്ട് വ്യത്യസ്തമായൊരു അനുഭവമായി മാറി.
പി.ടി.എ പ്രസിഡന്റ് മൊയ്ദീന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഗംഗാധരന്‍ നായര്‍ പാടി കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ പ്രശസ്ത സിനിമാ താരം ഉണ്ണിരാജ കുരുന്നുകളെ ചേര്‍ത്തുവെച്ച് ചിരിപ്പിച്ചും ചിന്തിപ്പിച്ചും സംവദിച്ചത് പ്രവേശനോത്സവത്തിന്റെ ആവേശം ഇരട്ടിയാക്കി. തുടര്‍ന്ന് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ഉണ്ണികൃഷ്ണന്‍ അണിഞ്ഞ രക്ഷിതാക്കള്‍ക്കായി പ്രത്യേക പാരന്റിംഗ് ക്ലാസും നയിച്ചു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനീസ മന്‍സൂര്‍, മുളിയാര്‍ പഞ്ചായത്ത് അംഗങ്ങളായ ലുബ്‌ന മുനീര്‍, മിസിരിയ, അനന്യ, ജയകൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ശേഖരന്‍ നമ്പ്യാര്‍ എം.സി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ചടങ്ങില്‍ ജയചന്ദ്രന്‍, വേണുകുമാര്‍, സുഭാഷ് ചന്ദ്ര എന്നിവര്‍ പങ്കെടുത്തു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുലോചനകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുരേഷ് പി.വി നന്ദിയും പറഞ്ഞു.
ഉണ്ണികളോടൊപ്പം ഉണ്ണിരാജും; ബോവിക്കാനം എ.യു.പി സ്‌കൂള്‍ പ്രവേശനോത്സവം ആവേശകരമായി




