കാസര്‍കോട്: ചെങ്കള ഗ്രാമപഞ്ചായത്തിലെ ബള്ളൂര്‍ അടുക്കം – നായന്മാര്‍മൂല പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി ആരോപിക്കപ്പെടുന്ന അറവുശാലയ്ക്കെതിരെ ജില്ലാ ജനകീയ വികസന സമിതി നല്‍കിയ പരാതിയില്‍ ഭരണതല ഇടപെടല്‍ ആരംഭിച്ചു.
അറവുശാലയുടെ പ്രവര്‍ത്തനം പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണി സൃഷ്ടിക്കുന്നുവെന്നാരോപിച്ച് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ഭരണകൂടം, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ക്ക് ജില്ലാ ജനകീയ വികസന സമിതി പരാതി നല്‍കിയിരുന്നു.
പരാതി പരിശോധിച്ച മുഖ്യമന്ത്രിയുടെ ഓഫീസ്, വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി പരാതി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് കൈമാറിയതായി അറിയിച്ചു. മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്ലില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തുടര്‍ന്ന് കാസര്‍കോട് ജില്ലാ കലക്ടറുടെ ഓഫീസില്‍ നിന്നും ലഭിച്ച അറിയിപ്പില്‍, പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിലേക്കും ഉദ്യോഗസ്ഥരിലേക്കും പരാതി കൈമാറിയതായി അറിയിച്ചിട്ടുണ്ട്.
ചെങ്കള ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതായി ആരോപിക്കപ്പെടുന്ന അറവുശാലയ്ക്ക് ആവശ്യമായ നിയമാനുസൃത അനുമതികളും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരങ്ങളും ഇല്ലാതെയാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. അറവുമൃഗങ്ങളുടെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാത്തതിനാല്‍ പ്രദേശത്ത് ഗുരുതരമായ പരിസ്ഥിതി മലിനീകരണവും ദുര്‍ഗന്ധവും ആരോഗ്യ ഭീഷണിയും നിലനില്‍ക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
പ്രദേശത്തിന് സമീപം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കായിക പരിശീലന കേന്ദ്രങ്ങള്‍, ജനവാസ മേഖലകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പരിശോധന നടത്തി അനധികൃത പ്രവര്‍ത്തനം കണ്ടെത്തിയാല്‍ സ്ഥാപനം അടച്ചുപൂട്ടുകയും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു.
പരാതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെട്ട് നടപടി ആരംഭിച്ചതിനെ സ്വാഗതം ചെയ്ത ജില്ലാ ജനകീയ വികസന സമിതി, പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനാവശ്യമായ ശക്തമായ നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.




