മഴക്കാലത്തിനു മുന്നോടിയായി അടിയന്തിര മുന്‍കരുതല്‍ എടുക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍

ചെര്‍ക്കള ബേവിഞ്ച മേഖലസന്ദര്‍ശിച്ചു

കഴിഞ്ഞ കാലവര്‍ഷത്തില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളില്‍ അടിയന്തിര മുന്‍കരുതല്‍ എടുക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായി കാസര്‍കോട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. മഴക്കാലത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുന്ന ചെര്‍ക്കള -ബേവിഞ്ച ദേശീയ പാതയില്‍ നിര്‍മ്മാണ പുരോഗതി പരി ശോധിക്കുന്നതിന് സന്ദര്‍ശനം നടത്തുകയായിരുന്നു കളക്ടര്‍. ബേവിഞ്ച, വീരമലക്കുന്ന് ഭാഗങ്ങളിലെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പുരോഗതി ദിവസവും ആര്‍.ഡി.ഒമാര്‍ വിലയിരുത്തുന്നുണ്ടെങ്കിലും മണ്‍സൂണിന് മുമ്പ് പ്രതീക്ഷിച്ചത്ര പ്രവൃത്തി നടന്നിട്ടില്ലെന്ന് കളക്ടര്‍ പറഞ്ഞു.

ചെര്‍ക്കള ടൗണിലും ചെങ്കള പഞ്ചായത്ത് ഓഫീസ് പരിസരത്തും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. കനാലുകള്‍ നിറഞ്ഞൊഴുകി വീടുകള്‍ വെള്ളത്തിനടിയിലാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ദേശീയപാതയില്‍ വെള്ളക്കെട്ടും മണ്ണിടിച്ചിലും തടയാന്‍ ഓവുച്ചാലുകളും സുരക്ഷാ ഭിത്തികളും ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. സന്ദര്‍ശനത്തില്‍ ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡ്ഡി, എ.എസ്.പി അച്യുത് അശോക്, ആര്‍.ഡി.ഒ ബിനു ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍ എല്‍ എ ലിപു എസ് ലോറെന്‍സ്, ആര്‍.ടി.ഒ ജെ.ജെറാഡ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.വിജയന്‍ നാഷണല്‍ ഹൈവേ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ ഉമേഷ് ഗാര്‍ഹ്, നിര്‍മ്മാണ കരാര്‍ കമ്പനി പ്രതിനിധികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സന്ദര്‍ശനത്തെ തുടര്‍ന്ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് ചെര്‍ക്കള -ബേവിഞ്ച പ്രദേശത്ത് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിശദീകരിച്ചു.

Scroll to Top