കാസര്‍ഗോഡ് ജില്ലയില്‍ തുടര്‍ച്ചയായി വര്‍ധിച്ചുവരുന്ന വീട്ടമ്മമാരുടെ ആത്മഹത്യകള്‍ കേരള സമൂഹത്തെ ഞെട്ടിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന ഗുരുതരമായ സാമൂഹിക പ്രതിസന്ധിയാണന്ന് നാഷനല്‍ വിമന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഹസീന ടീച്ചര്‍ അവരുടെ പ്രസ്താവനയില്‍ പറഞ്ഞു.
കുടുംബ-സാമ്പത്തിക പ്രതിസന്ധികളും, മാനസിക സമ്മര്‍ദ്ദങ്ങളും, സ്ത്രീകള്‍ക്കെതിരായ വിവിധ തരത്തിലുള്ള അതിക്രമങ്ങളും നിരവധി സ്ത്രീകളുടെ ജീവിതം അവസാനിപ്പിക്കുന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്.ഓരോ ആത്മഹത്യയ്ക്കും പിന്നിലുമുള്ള സാമൂഹികവും സാമ്പത്തികവുമായ നിഗൂഢതകള്‍ കണ്ടെത്തി അടിയന്തര ഇടപെടലുകള്‍ നടത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ജില്ലയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക കൗണ്‍സിലിംഗ് സംവിധാനങ്ങളും ഹെല്‍പ്ലൈന്‍ സേവനങ്ങളും പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് സാമ്പത്തിക-നിയമ സഹായ പദ്ധതികളും ശക്തിപ്പെടുത്തണം.
സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതും ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാക്കുന്നതും നമ്മുടെ സമൂഹത്തിന് അപമാനകരമാണ്. വിവാഹത്തെ ഒരു സാമ്പത്തിക ഇടപാടാക്കി മാറ്റുന്ന സ്ത്രീധന സമ്പ്രദായം സ്ത്രീകളുടെ അന്തസ്സിനും അവകാശങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമാണ്.
സ്ത്രീധനം ആവശ്യപ്പെടുന്നതും അതിന്റെ പേരില്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഗുരുതര കുറ്റകൃത്യങ്ങളാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് നിയമങ്ങളുടെ കര്‍ശനമായ നടപ്പാക്കലിനൊപ്പം സമൂഹത്തിന്റെ മനോഭാവത്തിലും മാറ്റം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു.
സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുകയും വേണം. സ്ത്രീകള്‍ക്ക് സുരക്ഷിതവും അന്തസ്സുറ്റതുമായ ജീവിതം ഉറപ്പാക്കുക എന്നത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കൂട്ടുത്തരവാദിത്തമാണ്.
ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ ക്ഷേമ മന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഒരു വീട്ടമ്മയുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഒരു കുടുംബത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ മുഴുവന്‍ പരാജയമാണ്. ഇനിയും ജീവനുകള്‍ നഷ്ടപ്പെടുന്നതിന് മുമ്പ് സര്‍ക്കാര്‍ ശക്തവും ഫലപ്രദവുമായ ഇടപെടല്‍ നടത്തണമെന്ന് എം.ഹസീന ടീച്ചര്‍ ആവശ്യപ്പെട്ടു.




