ആയിരം കൈകളില്‍ ആയിരം തൈകള്‍; ‘മഴത്തുള്ളി’ പദ്ധതിക്ക് ചന്ദ്രഗിരിക്കോട്ടയില്‍ ഹരിതതുടക്കം

കാസര്‍കോട്: ആഗോളതാപനത്തിന് മരമാണ് മറുപടി’ എന്ന സന്ദേശവുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം വിപുലമായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജില്ലാ മിഷന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ‘മഴത്തുള്ളി – ആയിരം തൈകള്‍ ആയിരം കൈകളിലൂടെ’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചരിത്രപ്രസിദ്ധമായ ചന്ദ്രഗിരിക്കോട്ടയില്‍ കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജി വൃക്ഷത്തൈ നട്ടു നിര്‍വഹിച്ചു. പ്രകൃതി സംരക്ഷണവും ഹരിതവല്‍ക്കരണവും ലക്ഷ്യമിട്ട് ജില്ലയിലെ മുഴുവന്‍ സി.ഡി.എസ്സുകളുടെയും നേതൃത്വത്തില്‍ വിപുലമായ ജനകീയ ക്യാമ്പയിനാണ് ഇതിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.

ജില്ലയിലെ വിദ്യാലയങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകര്‍മ്മസേന എന്നിവരുമായി പൂര്‍ണ്ണമായും സഹകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങളും പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനവും നടത്തുന്നത്. വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നതോടൊപ്പം അവ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നത് വരെ സംരക്ഷിക്കാനുള്ള ചുമതലയും സി.ഡി.എസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കും.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിസ്ഥിതി സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോധവല്‍ക്കരണ റാലികളും ക്യാമ്പയിനുകളും സംഘടിപ്പിച്ചു . ശാസ്ത്രീയ മാലിന്യ സംസ്‌കരണം, ജൈവകൃഷിരീതികള്‍, അടുക്കളത്തോട്ട നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകളും ഇതോടനുബന്ധിച്ച് നടന്നു. ഭൂമിയുടെ പച്ചപ്പ് നിലനിര്‍ത്താനും ഭാവി തലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കാനുമുള്ള ഈ വലിയ ദൗത്യത്തില്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങളും പങ്കാളികളാകുന്നുണ്ട് .

ചന്ദ്രഗിരിക്കോട്ടയില്‍ നടന്ന ചടങ്ങില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബുബക്കര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് കുമാര്‍ കെ. സ്വാഗതം പറഞ്ഞു. കാസര്‍കോട് ഡി.ടി.പി.സി സെക്രട്ടറി ജി. ജേഷ് കുമാര്‍ ജെ. കെ പരിസ്ഥിതി ദിനസന്ദേശം നല്‍കി.ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീപ് ഉണ്ണിക്കൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജന പവിത്രന്‍, ഇരുപത്തിരണ്ടാം വാര്‍ഡ് അംഗം സൈതുന അഹമ്മദ് , വൈസ് ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് ബുഷ്‌റ എം., കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ആതിര ടി. എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഇ. ഷിബി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ കെ. സജിനി, എം. വി. ഭവ്യ, പി. രേഷ്മ, പി.പി. അനുശ്രീ, യദു രാജ്, ഓഫീസ് സ്റ്റാഫ് പി. രാജു എന്നിവര്‍ പങ്കെടുത്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി ഭാര്‍ഗവി നന്ദി പറഞ്ഞു.

Scroll to Top