ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫ് നാളെ: നാടെങ്ങും കളി ആരവത്തില്‍, മൊഗ്രാലില്‍ ഇന്ന് വിളംബര ജാഥ.


മൊഗ്രാല്‍.ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാനൊരുങ്ങി ഫുട്‌ബോള്‍ ആരാധകര്‍. ഇനിയുള്ള ഒരു മാസക്കാലം രാത്രിയും,പകലും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറക്കമില്ലാ രാത്രികള്‍.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വമ്പന്‍ ടീമുകളുടെ ഫാന്‍സുകാര്‍ കൂറ്റന്‍ ഫ്‌ലക്‌സുകളും, കട്ടൗട്ടുകളും ഉയര്‍ത്തിയിട്ടുണ്ട്.ഒപ്പം ഫുട്‌ബോള്‍ ടൂര്‍ണമെന്റ്കളും സജീവമാണ്.

ഈ പ്രാവശ്യം വലിയ സ്‌ക്രീനില്‍ കളി കാണാന്‍ കഴിയില്ല എന്നത് ഫുട്‌ബോള്‍ ആസ്വാദകരെ നിരാശയിലാക്കുന്നുണ്ട്.മത്സരങ്ങള്‍ അമേരിക്ക,കാനഡ മെക്‌സിക്കന്‍ എന്നീ വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ പുലര്‍ച്ചെ മുതലാണ് കളികാണാന്‍ കഴിയുകയുള്ളൂ. അതിനാല്‍ തന്നെ ക്ലബ്ബുകള്‍ വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടില്ല.ഉറക്കം ഒഴിച്ച് കളികാണാന്‍ എത്തുമോ എന്ന ഭയം സംഘാടകര്‍ക്കുണ്ട്. എന്നാല്‍ ഒട്ടുമിക്ക ക്ലബ്ബുകളിലും കളികാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായുള്ള കളി ആരവം എല്ലായിടത്തും പ്രകടമാണ്. ഇഷ്ടപ്പെട്ട ടീമുകളുടെ ജേഴ്‌സി അണിഞ്ഞാണ് പ്രാദേശിക ക്ലബ്ബുകള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. ആരാധകര്‍ ഏറെയുള്ള അര്‍ജന്റീന, ബ്രസീല്‍,ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്,അമേരിക്ക, ജര്‍മ്മനി,ഇറാന്‍,സൗദി അറേബ്യ,ഖത്തര്‍,ഇറാഖ് തുടങ്ങിയ ടീമുകളുടെ ഫ്‌ലക്‌സുകളും കട്ട്ഔട്ടുകളുമാണ് ആരാധകര്‍ വിവിധ ഇടങ്ങളിലായി ഉയര്‍ത്തിയിട്ടുള്ളത്. അതേപോലെ ചെറുതാണെങ്കിലും ഓസ്ട്രിയ, മൊറോക്കോ, കൊളംബിയ,തുനീസിയ, ക്രൊയേഷ്യ, സ്‌പെയിന്‍,സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ടീമുകള്‍ക്കും ജില്ലയില്‍ ആരാധകരുണ്ട്.

ഈ ലോകകപ്പില്‍ ഏറ്റവും ശ്രദ്ധേയമായത് മലയാളി താരം തഹ് സിന്‍ മുഹമ്മദ് ഖത്തര്‍ ടീമില്‍ ഇടം പിടിച്ചുവെന്നതാണ്. അതുകൊണ്ടുതന്നെ ഖത്തര്‍ ടീമിന് ഇപ്രാവശ്യം ആരാധകര്‍ ഏറെയാണ്. മൊഗ്രാലില്‍ ഇന്ന് ദേശീയവേദിയുടെ ആഭിമുഖ്യത്തില്‍ സന്തോഷ് ട്രോഫി താരം എംഎല്‍ ദില്‍ഷാദിന്റെ നേതൃത്വത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ വിളംബര ജാഥ സംഘടിപ്പിക്കും. ദില്‍ഷാദിന് അനുമോദനവും ദേശീയവേദി ഒരുക്കിയിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ രണ്ടാം റൗണ്ട് മത്സരങ്ങളില്‍ ദിവസേന പ്രവചന മത്സരവും,സമ്മാന വിതരണവും ഒരുക്കാനും ദേശീയവേദി തീരുമാനി ച്ചിട്ടുണ്ട്.

ഫോട്ടോ:മൊഗ്രാലില്‍ അര്‍ജന്റീന ഫാന്‍സ് ഉയര്‍ത്തിയ ഫ്‌ലക്‌സ് ബോര്‍ഡ്.

ഫോട്ടോ:ലോകകപ്പിന് മുന്നോടിയായി മൊഗ്രാലില്‍ നടന്നു വരുന്ന ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഒന്ന്.

Scroll to Top