മയക്കു മരുന്ന് വേട്ട;ഓപ്പറേഷന്‍ തൂഫാന്‍ കൊടുങ്കാറ്റായി വീശുന്നു മുഹമ്മദലി നെല്ലിക്കുന്ന്

.മയക്കു മരുന്നിനെ കേരള മണ്ണില്‍ നിന്നും തുടച്ചു നീക്കാന്‍ കേരള സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച കര്‍മ്മ പദ്ധതിയാണ് ‘ഓപ്പറേഷന്‍ തൂഫാന്‍-ദ നാര്‍ക്കോ ഹണ്ട്’.ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടു വരുന്നത് ആഭ്യന്തര വകുപ്പാണ്.ജൂണ്‍ ഒന്നാം തീയതി മുതലാണ് ഇതിന്റെ തുടക്കം.മയക്കു മരുന്നിന്റെയും,കഞ്ചാവിന്റേയും വലയില്‍ കുടുങ്ങി പോയാല്‍ അവിടെ മാതാവെന്നോ പിതാവെന്നോ കുടുംബമെന്നോ ചിന്തയുണ്ടാവില്ല.ഇന്നത്തെ യുവ തലമുറകള്‍ അതി മാരകമായ എം.ഡി.എം.എയുടേയും കഞ്ചാവിന്റേയും അടിമയായി ജീവിക്കുമ്പോള്‍ വീട്ടുകാര്‍ അറിയുന്നില്ല മക്കള്‍ വഴിതെറ്റിപ്പോകുന്ന കാര്യം.എത്ര ബോധവല്‍ക്കരണവും എത്ര കാമ്പയിനും നടത്തിയിട്ടും ഒരു മാറ്റവുമില്ലാത്ത നമ്മുടെ മക്കളും കൂട്ടുകാരും.ഹൈബ്രിഡ് കഞ്ചാവും,കെമിക്കല്‍ ലഹരിയും,എം.ഡി.എം.എ തുടങ്ങി എല്ലാതരം മയക്കു മരുന്ന് വിപണനവും,ഉപയോഗവും ഇല്ലാതാക്കിയാല്‍ നാടും നമ്മുടെ മക്കളും രക്ഷപ്പെടുകയുള്ളൂ.

        നമ്മുടെ മക്കളെ നീരാളിയെന്ന മയക്കു മരുന്നും,കഞ്ചാവും പിന്തുടരുന്നത് നമ്മളിയാതെ പോകുന്നു.രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്കും,കോളേജിലേക്കും,ജോലി സ്ഥലത്തേക്കുമെന്ന് പോകുന്നു.പക്ഷെ അവര്‍ എവിടെ പോകുന്നുവെന്നോ എന്തിന് പോകുന്നുവെന്നോ നമ്മള്‍ അന്വേഷിക്കുന്നുണ്ടോ? ഇല്ലായെന്നതാണ് സത്യം.കാരണം നമ്മുടെ മക്കളെ നമുക്ക് വിശ്വാസമാണ്.അവര്‍ നമ്മളറിയാതെ ചതിച്ചു കൊണ്ടിരിക്കുകയാണെന്ന് നാം അറിയാതെ പോകുന്നു.പഠന ശാലകളുടെ അകത്തളങ്ങള്‍ പോലും കയ്യടക്കി വാഴുകയാണ് കഞ്ചാവ് മയക്ക് മരുന്ന് മാഫിയകള്‍.മയക്ക് മരുന്നിനും കഞ്ചാവിനും അടിമയായ മക്കള്‍ സ്വന്തം മാതാപിതാക്കന്മാരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന വാര്‍ത്തകള്‍ നാം നിരന്തരം കേള്‍ക്കുമ്പോഴും വാര്‍ത്തകള്‍ വായിക്കുമ്പോഴും രാത്രി സമയത്ത് കിടന്നുറങ്ങാന്‍ പോലും ഭയപ്പെടേണ്ടി വരുന്നു.എപ്പോഴാണ് അവരുടെ സ്വഭാവം മാറുകയെന്നറിയില്ലല്ലോ.മയക്ക് മരുന്നിന് അടിമയായ മക്കള്‍ അത് കിട്ടാതെയാകുമ്പോഴുള്ള മാനസിക വിഭ്രാന്തി മൂലം ക്രൂരമായ ആക്രമണത്തിന് കോപ്പു കൂട്ടുന്നു.അത് മാതാപിതാക്കളറിയുന്നില്ല.

          സ്‌കൂളിലും കോളേജിലും പഠിക്കുവാന്‍ പോകുന്ന ആണ്‍ക്കുട്ടികളും പെണ്‍ക്കുട്ടികളും ഇന്ന് ലഹരി മാഫിയകളുടെ നീരാളിക്കെണിയില്‍ പെട്ടിരിക്കുകയാണ്.ഇതിനെതിരെ പല ബോധവല്‍കരണവും കാമ്പയിനും നടത്തിയിട്ടുണ്ടെങ്കിലും ബോധവന്മാരാവാന്‍ സാധിക്കുന്നില്ലായെന്നതാണ് വാസ്തവം.അതില്‍ നിന്നും മുക്തി നേടാന്‍ കഴിയാതെ അകപ്പെട്ട സ്ഥിതിയാണ് കാണാന്‍ സാധിക്കുന്നത്.ഇതിനെതിരെ അധികൃതര്‍ രംഗത്ത് വന്ന് ലഹരി മാഫിയകളുടെ അടിവേര് അറുത്ത് കളഞ്ഞാല്‍ ഒരു പരിതി വരെ നമ്മുടെ നാടിനേയും മക്കളേയും രക്ഷിക്കാന്‍ കഴിഞ്ഞേക്കാം.മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിച്ചാല്‍ ലഹരി മുക്ത നാടായി മാറ്റാന്‍ പറ്റും.റമളാന്‍ മാസത്തിലെ തറാവീഹ് നിസ്‌കാരത്തിനെന്ന് പറഞ്ഞ് വീടുകളില്‍ നിന്നും പോകുന്ന മക്കള്‍ പള്ളിയില്‍ എത്താറുണ്ടോയെന്നും,നിസ്‌കാരത്തില്‍ പങ്കെടുക്കാറുണ്ടോയെന്നും നിരീക്ഷിക്കേണ്ടതുണ്ട്.നിസ്‌കാരം കഴിഞ്ഞ് സമയത്തിന് തിരിച്ച് വീട്ടിലെത്തുന്നുണ്ടോയെന്നു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.മക്കളെ കൈവിട്ടു പോയാല്‍ തിരികെ പിടിക്കാന്‍ ബുദ്ധിമുട്ടാണെന്നുള്ളത് ഓര്‍ക്കുക.മനുഷ്യരെ കൊല്ലുന്ന ലഹരികള്‍ നാടിനാപത്താണ്.ലഹരി മൂലം വിലപ്പെട്ട ജീവനുകള്‍ പൊലിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്.ഇത്തരം കൊലയാളികള്‍ക്ക് തക്കതായ മാതൃകാ പരമായ ശിക്ഷകള്‍ നല്‍കേണ്ടിയിരിക്കുന്നു.എന്നാലേ നാട് നന്നാവുകയുള്ളൂ.ലഹരി മാഫിയകളുടെ അടിവേരുകള്‍ പിഴുതെടുത്ത് നാടിനേയും,നമ്മുടെ മക്കളേയും,അവരുടെ മാതാപിതാക്കളേയും രക്ഷിക്കുവാന്‍ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാരും രംഗത്ത് വരേണ്ടതുണ്ട്.മക്കളെ ശിക്ഷയും,ശിക്ഷണവുമില്ലാതെ വളര്‍ത്തുന്നതിന്റെ പൊരുത്തക്കേടാണ് നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.മക്കള്‍ സമയത്തിന് വീട്ടില്‍ എത്തിയില്ലെങ്കില്‍ കൂട്ടുക്കെട്ട് ശരിയില്ലെങ്കില്‍ ശിക്ഷിക്കുക അതാണ് രക്ഷിതാക്കളുടെ കടമ.എന്നാലെ നമ്മുടെ മക്കള്‍ ശരിയായ വഴിയില്‍ വളരുകയുള്ളൂ.നാടിനെ വിഴുങ്ങുന്ന ലഹരിയെ കൊണ്ട് പലര്‍ക്കും പല ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടി വരുന്നത്.ഖുര്‍ആന്‍ ഹാഫിള് പഠിക്കുവാന്‍ പോയ മകന്‍ പകുതി വഴിയില്‍ നിന്നും ലഹരി മൂത്ത് തിരിച്ചു വന്ന് മാതാവിനെ കീഴ്‌പ്പെടുത്തി ലൈഗിംക ബന്ധം പുലര്‍ത്തിര്‍ത്തിയ വാര്‍ത്തയും,സഹോദരിയെ ഗര്‍ഭിണിയാക്കിയ സഹോദരനും,പിതാവും മനസ്സിനെ വല്ലാത്ത വേദനിപ്പിച്ച വാര്‍ത്തയായിരുന്നു.

         നാടിനേയും,കുടുംബത്തിനേയും വിഴുങ്ങി കൊണ്ടിരിക്കുന്ന മയക്കു മരുന്ന് നമ്മുടെ നാടിന് ആപത്താണ്.അതിനെതിരെ ശബ്ദിക്കുവാനും ഒറ്റക്കെട്ടായി പൊരുതാനും നാം പ്രയത്‌നിക്കേണ്ടിയിരിക്കുന്നു.അതിനായി ഉന്നത അധികാരികള്‍ ശക്തമായ നടപടിയുമായി മുന്നോട്ട് വരേണ്ടതുണ്ട്.

മുഹമ്മദലി നെല്ലിക്കുന്ന്

Scroll to Top