കാസര്‍ഗോഡ്:
വിദ്യയെ സ്‌നേഹിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ ആസ്‌ക്ക് തളങ്കര സംഘടനയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി,
പ്ലസ്ടു, ഡിഗ്രി , സമസ്ത പൊതു പരീക്ഷയില്‍ മികച്ച വിജയം നേടിയ ആസ്‌ക് മെമ്പര്‍മാരുടെ മക്കളെ ആദരിച്ചു. ആസ്‌ക്ക് തളങ്കര ക്ലബ്ബില്‍ വെച്ച് നടന്ന പരിപാടി കാസര്‍ഗോഡ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് ആസ്‌ക് തളങ്കര നല്‍കുന്ന പിന്തുണയേ ചെയര്‍പേഴ്‌സണ്‍ പ്രശംസിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ എം ഹനീഫ് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു.
കുട്ടികളില്‍ ഉയര്‍ന്ന ചിന്താഗതി വളര്‍ത്താനും അവരെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എഡ്യൂക്കേഷന്‍ എക്‌സലന്‍സി അവാര്‍ഡ് വിതരണം സംഘടിപ്പിച്ചത്. വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊമെന്റോകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
ചടങ്ങില്‍ ആസ്‌ക്ക് തളങ്കര എഡ്യൂക്കേഷന്‍ വിങ് കണ്‍വീനര്‍ അമീന്‍ എ. അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പങ്കെടുത്ത നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍ പ്രദേശത്തെ സ്ട്രീറ്റ് ലൈറ്റ് കത്താത്ത വിഷയവും, കന്നുകാലികളുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകളും സംഘടന ഭാരവാഹികള്‍ ഔദ്യോഗികമായി ഉന്നയിച്ചു. നാടിന്റെ വികസന കാര്യങ്ങളിലും പൊതുവിഷയങ്ങളിലും സംഘടന കാണിച്ച ഈ ഇടപെടല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എത്രയും പെട്ടെന്ന് തന്നെ പ്രശ്‌നം പരിഹരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കി.
സിറാജ് ഉസ്താദ് പ്രാര്‍ത്ഥന നിര്‍വഹിച്ചു. ചടങ്ങില്‍ താജുദ്ദീന്‍, മുഹമ്മദ് റിയാസ്, ഫൈസല്‍ പി എ,
ഫൈസല്‍ പ്രിന്‍സ്, നിസാര്‍, ബഷീര്‍,ഖലീല്‍ സൈന്‍, സബൂര്‍,നൗഷാദ് ബാങ്കോട് ,സിറാജ് ബാംഗ്ലൂര്‍,നൗഷാദ് ദീനാര്‍, ഹംസ അങ്കോള, റൗഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബ് ഊദ് സ്വാഗതവും സമീല്‍ നന്ദിയും പറഞ്ഞു.




