മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണനയെന്ന് കല്ലട്ര മാഹിന്‍ എംഎല്‍എ

ജില്ലാ കളക്ടര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി

കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനും മെഡിക്കല്‍ കോളേജിന്റെ ഭാഗമായി അമ്മയും കുഞ്ഞും ആശുപത്രി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, സിവേജ് പ്ലാന്റ് എന്നിവ പുതുതായിതുടങ്ങാനുമുള്ള നടപടി സ്വീകരിക്കുമെന്ന് കല്ലട്ര മാഹിന്‍ എംഎല്‍എ അറിയിച്ചു. പ്രതിമാസ അവലോകനത്തിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശനം നടത്തിയപ്പോഴാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്. അസോസിയേറ്റ് പ്രൊഫസര്‍ ഉള്‍പ്പെടെ സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സയ്ക്ക് ആവശ്യമായ തസ്തികകള്‍ അനുവദിക്കുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ന്യൂറോ വിഭാഗത്തിന്റെ സേവനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ ആണിത്. പൂര്‍ണ സജ്ജമായി പ്രവര്‍ത്തനനിരതമാകുന്നതോടെ കാസര്‍കോട്ടെ മലയോരമേഖലയില്‍ താമസിക്കുന്നവര്‍ക്കും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും മെഡിക്കല്‍ കോളേജ് ആശ്രയം ആകണമെന്ന് എംഎല്‍എ പറഞ്ഞു

ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷം മൂന്നാമത്തെ തവണയാണ് അര്‍ജുന്‍ പാണ്ഡ്യന്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തുന്നത് മെഡിക്കല്‍ കോളേജ് ഇന്റേണല്‍ റോഡുകളുടേയും ആശുപത്രി കെട്ടിടങ്ങളുടെയും പ്രവൃത്തി ത്വരിത പ്പെടുത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കെട്ടിടങ്ങളുടെ പണി എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കുടിവെള്ള സൗകര്യം ഒരുക്കിയതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു. പഠനാവധി കഴിഞ്ഞ് തിരിച്ചു വരുന്ന എംബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ തുറന്നു കൊടുക്കും, ഇവിടെ താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി, കഴിഞ്ഞ മാസത്തെ അവലോകന യോഗത്തില്‍ ഹോസ്റ്റല്‍ തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചിരുന്നു

നഴ്‌സിംഗ് കോളേജിലെ കുട്ടികള്‍ക്കുള്ള ഹോസ്റ്റലിന്റെ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. നിലവിലുള്ള കെട്ടിടത്തിലെ സൗകര്യം പ്രയോജനപ്പെടുത്തി കാന്റീന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചു.

യോഗത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എ അരുണ്‍കുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ പിജി സിന്ധു, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ പ്രവീണ്‍,നഴ്‌സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശോഭ, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ ) ലിപു എസ് ലോറന്‍സ്, കേരളവാട്ടര്‍ അതോറിറ്റി കെഎസ്ഇബി, പി ഡബ്ലിയു ഡി, കിറ്റ് കൊ, യു എല്‍ സി സി ഹാര്‍ബര്‍ എഞ്ചിനിയറിംഗ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Scroll to Top