ദുബൈ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി, കൈന്ഡ്‌നസ് ബ്ലഡ് ഡൊണേഷന്‍ ടീമിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജൂണ്‍ 12 വെള്ളിയാഴ്ച വൈകുന്നേരം ദെയ്റ ന്യൂ ഗോള്‍ഡ് സൂഖ് സിറ്റി ഗോള്‍ഡ് പരിസരത്താണ് ക്യാമ്പ് നടക്കുന്നത്.
രക്തദാനം മഹത്തായ മനുഷ്യസേവനമാണ്. ഒരാളുടെ ചെറിയൊരു സമയം മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമാകുമെന്നതിനാല്‍ ആരോഗ്യവാന്മാരായ എല്ലാവരും
ക്യാമ്പില്‍ പങ്കെടുത്ത് ജീവന്‍ രക്ഷിക്കുന്ന ഈ മഹത് പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.
രക്തദാന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി വര്‍ഷങ്ങളായി നടത്തിവരുന്നത്. കമ്മിറ്റിയുടെ ഭൂരിഭാഗം ഭാരവാഹികളും സ്ഥിരമായി രക്തദാനം ചെയ്യുന്നവരാണ്. പലരും ഓരോ രണ്ട് മാസത്തിലും രക്തദാനം നടത്തി സമൂഹത്തിന് മാതൃകയാകുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ രക്തം ആവശ്യമായ രോഗികള്‍ക്ക് സമയബന്ധിതമായി സഹായം എത്തിക്കുന്നതിലും, രക്തദാന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും കമ്മിറ്റി ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ സേവനങ്ങളെ മാനിച്ച് നിരവധി തവണ ദുബൈ ഹെല്‍ത്ത് അതോറിറ്റിയില്‍ നിന്ന് പ്രശംസാപത്രങ്ങളും അംഗീകാരങ്ങളും ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്.
ലോക രക്തദാന ദിനത്തിന്റെ സന്ദേശം കൂടുതല്‍ ജനങ്ങളിലെത്തിക്കുന്നതിനും രക്തദാനത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ഈ ക്യാമ്പ് സഹായകരമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ജീവന്‍ രക്ഷിക്കുന്ന ഈ മഹത്തായ ദൗത്യത്തില്‍ ഏവരും പങ്കാളികളാകണമെന്നും രക്തദാനം നല്‍കാന്‍ വരുന്നവര്‍ എമിരേറ്റ്‌സ് ഐ ഡി കൊണ്ട് വരണം എന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു




