നഗരവനം കൂടുതല്‍ സുന്ദരമാകും; ജില്ലാ കളക്ടര്‍ കാസര്‍കോട് നഗരവനം സന്ദര്‍ശിച്ചു

കാസര്‍കോട് നഗരത്തിന്റെ പ്രകൃതി സൗഹൃദ വിനോദ സഞ്ചാര വികസനത്തിന് മുതല്‍ കൂട്ടാകുന്ന സാമൂഹ്യ വനവല്‍ക്കരണവകുപ്പിന്റെ നഗരവനം മൂന്നു മാസത്തിനകം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നഗരവന സൗന്ദര്യവല്‍ക്കരണ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. കാസര്‍കോട് നഗരത്തില്‍ പള്ളം കസബ പാലത്തിനു സമീപം 21 ഹെക്ടര്‍ സ്ഥലത്ത് പടര്‍ന്ന് പന്തലിച്ചു കിടക്കുന്ന കണ്ടല്‍ വനം ആണ് നഗര വനമായി വികസിപ്പിച്ചത് കാസര്‍കോട് വികസന പാക്കേജില്‍ ‘നഗരവനത്തിന്റെ’ സൗന്ദര്യവല്‍ക്കരണംഎത്രയും പെട്ടെന്ന് നടത്തി വിനോദസഞ്ചാര വിശ്രമ കേന്ദ്രമാക്കി മാറ്റാന്‍ സാധിക്കുമെന്ന് കാസര്‍കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.വി വിനോദ് കുമാര്‍ പറഞ്ഞു. നഗരവനത്തെകുറിച്ച് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിശദീകരിച്ചു.

വനത്തില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചും മാലിന്യ നിക്ഷേപം തടയാന്‍ കമ്പി വലകള്‍ സ്ഥാപിച്ചും വനം വകുപ്പ് ഈ വനത്തെ സംരക്ഷിക്കുന്നു.

നിലവില്‍ ടിക്കറ്റ് കൗണ്ടര്‍, പാര്‍ക്കിംഗ്, ടോയ്ലറ്റ് സംവിധാനത്തോടുകൂടി നഗരവനം സജ്ജമാണ്. നടപ്പാത, കഫറ്റീരിയ, വൈദ്യുതി വിളക്കുകള്‍ ഫ്ലോട്ടിങ് ബോട്ടുകള്‍ എന്നിവ സ്ഥാപിച്ച് മനോഹരമാക്കും. കുട്ടവഞ്ചിയും ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ രണ്ടുമാസത്തിനുള്ളില്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വനത്തിനുള്ളില്‍ കുട്ടികള്‍ക്കായി ചെറിയ പാര്‍ക്കിനുള്ള സാമ്പത്തിക സഹായം കാസര്‍കോട് മുനിസിപ്പാലിറ്റി അനുവദിച്ചിട്ടുണ്ട്.

കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, വൈസ് ചെയര്‍പേഴ്സണ്‍ കെ.എം ഹനീഫ്, നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മെഹറുനിസ ഹമീദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചെയര്‍പേഴ്സണ്‍ സമീന മുജീബ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജാഫര്‍ കമാല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹമീദ് ബദ്ര, മുനിസിപ്പല്‍ സെക്രട്ടറി കെ.ഷാജു, കടപ്പുറം സൗത്ത് വാര്‍ഡ് മെമ്പര്‍ രഞ്ജിഷ, കാസര്‍കോട് തഹസില്‍ദാര്‍ ഷെറില്‍ ബാബു, കാസര്‍കോട് സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഉമ്മര്‍ ഫാറൂഖ്, ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.കെ അര്‍ജുനന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ എ.അനൂപ്, നിവ്യ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ പി.ജയന്‍ എന്നിവര്‍ ജില്ലാ കളക്ടറുടെ കൂടെയുണ്ടായിരുന്നു.

Scroll to Top