നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീമിന്റെ ഇടപെടല്‍ ഫലം കാണുന്നു; കല്‍മാടി തോട്ടിലെ പഴയ റോഡിന്റെ അവിശിഷ്ടങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യും

കാസര്‍കോട്: കല്‍മാടി തോടിന്റെ ഒഴുക്കിനെ തടയുന്ന പഴയ റോഡിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ടി കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം നടത്തിയ ഇടപെടല്‍ ഫലം കാണുന്നു. കാസര്‍കോട് നെല്ലിക്കുന്ന്, ബങ്കരക്കുന്ന് കടപ്പുറം പ്രദേശങ്ങളിലൂടെ ഒഴുകുന്ന കല്‍മാടിത്തോട്ടില്‍ പഴയ താല്‍ക്കാലിക റോഡിന്റെ അവശിഷ്ടങ്ങള്‍ മാറ്റാത്തതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നത് സംബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളും നാട്ടുകാരും പരാതി അറിയിച്ചതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ വിഷയം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം കസബ പാലവും നെല്ലിക്കുന്ന് കടപ്പുറം പാലവും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

പാലം നിര്‍മാണ സമയത്തെ താല്‍ക്കാലിക റോഡിന്റെ അവശിഷ്ടങ്ങള്‍ അടിയന്തരമായി എടുത്തു മാറ്റാനുള്ള നടപടി സ്വീകരിക്കാന്‍ ചെറുകിട ജലസേചന വകുപ്പിനും പൊതുമരാമത്ത് പാലം വിഭാഗത്തിനും കളക്ടര്‍ നിര്‍ദേശം നല്‍കി. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം കെട്ടിക്കിടന്നാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചെയര്‍പേഴ്‌സണ്‍ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തി.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം. ഹനീഫ്, സ്ഥിരംസമിതി അധ്യക്ഷരായ സമീന മുജീബ്, ഹമീദ് ബെദിര, മെഹറുന്നീസ ഹമീദ്, ജാഫര്‍ കമാല്‍, മുനിസിപ്പല്‍ സെക്രട്ടറി ഷാജു പി.ബി, കൗണ്‍സിലര്‍മാരായ അബ്ദുല്‍ റഹ്‌മാന്‍ എന്‍.എച്ച്, ആയിഷ സലാം, രഞ്ജിഷ, കാസര്‍കോട് തഹസില്‍ദാര്‍ ഷെറില്‍ ബാബു, കാസര്‍കോട് സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ ഉമ്മര്‍ ഫാറുഖ്, കാസര്‍കോട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ വിനോദ് കുമാര്‍, ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ.കെ. അര്‍ജുനന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ എ.അനൂപ്, നിവ്യ ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ പി. ജയന്‍ എന്നിവരും സംബന്ധിച്ചു.

Scroll to Top