മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എ. അബ്ദുള്ള കുഞ്ഞി ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി K. M. Shajiയ്ക്ക് മധുവാഹിനി പുഴയ്ക്ക് കുറുകെ കമ്പാര്‍ – പേരാല്‍ക്കണ്ണൂര്‍ പാലം നിര്‍മ്മിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചു.
പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യമായ ഈ പാലം യാഥാര്‍ഥ്യമായാല്‍ ഗതാഗത മേഖലയിലും പ്രദേശത്തിന്റെ സമഗ്ര വികസനത്തിലും വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ കമ്പാറില്‍ നിന്നും പേരാല്‍ക്കണ്ണൂരിലേക്കും സമീപ പ്രദേശങ്ങളിലേക്കും എത്തിച്ചേരാന്‍ ജനങ്ങള്‍ ഏകദേശം 16 കിലോമീറ്റര്‍ വരെ ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യമാണ്. എന്നാല്‍ മധുവാഹിനി പുഴയ്ക്ക് കുറുകെ പാലം നിര്‍മ്മിക്കുകയാണെങ്കില്‍ ഈ ദൂരം ഏകദേശം 2 കിലോമീറ്ററായി കുറയുകയും യാത്രാസമയവും ചെലവും ഗണ്യമായി ലാഭിക്കാനാവുകയും ചെയ്യും.
നിര്‍ദിഷ്ട പാലം മൊഗ്രാല്‍ പുത്തൂര്‍, കുമ്പള, പുത്തിഗ, ബദിയടുക്ക എന്നീ നാല് പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന വികസന പദ്ധതിയായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ പാലം നേരിട്ട് പ്രയോജനപ്പെടും.
മധുവാഹിനി പുഴയ്ക്ക് കുറുകെ പാലം യാഥാര്‍ഥ്യമാകുന്നതോടെ ഗതാഗത സൗകര്യം മെച്ചപ്പെടുന്നതിന് പുറമെ പ്രദേശത്തിന്റെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ വളര്‍ച്ചയ്ക്കും പുതിയ അവസരങ്ങള്‍ തുറന്നുകിട്ടുമെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.
ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമായ ഈ പാലം അടിയന്തരമായി അനുവദിച്ച് പദ്ധതിക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ അഭ്യര്‍ഥന. പ്രദേശത്തിന്റെ വികസന ചരിത്രത്തില്‍ നിര്‍ണായകമായ ഒരു നാഴികക്കല്ലായി ഈ പാലം മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
മധുവാഹിനി പുഴയ്ക്ക് കുറുകെ കമ്പാര്‍ – പേരാല്‍ക്കണ്ണൂര്‍ പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കി




