സൗജന്യ യാത്ര; സ്ത്രീ സമൂഹത്തോട് കാട്ടുന്നത് കൊടിയ വഞ്ചന; നാഷനല്‍ വിമന്‍സ് ലീഗ്

സ്ത്രീകള്‍ക്ക് സൗജന്യ യാത്രക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ദിരാ പദ്ധതി യാഥാര്‍ഥ്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഒരു പ്രഹസനമായി മാറിയിരിക്കുകയാണെന്ന് നാഷനല്‍ വിമന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി M ഹസീന ടീച്ചര്‍ പറഞ്ഞു.

സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രമെന്ന നിബന്ധന വെക്കുമ്പോള്‍, മലബാര്‍ ഭാഗത്ത് ആവശ്യത്തിന് ഓര്‍ഡിനറി ബസുകള്‍ ഇല്ലെന്ന യാഥാര്‍ഥ്യം സര്‍ക്കാര്‍ മനഃപൂര്‍വ്വം മറച്ചുവെക്കുകയാണ്.

സിറ്റി ഫാസ്റ്റ് എന്ന് പേരിട്ടു കൊണ്ട് ഇതിനകം തന്നെ ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടി കുറച്ചു കൊണ്ടുള്ള സൗജന്യ യാത്ര പ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയ തന്ത്രമാണെന്ന് ഇതിനകം ജനങ്ങള്‍ തിരിച്ചറിഞ്ഞ യാഥാര്‍ഥ്യമാണ്.

വിദ്യാര്‍ത്ഥികളും തൊഴിലാളികളും സാധാരണക്കാരുമായ യാത്രക്കാര്‍ ദിവസേന അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം കാണാതെ, പദ്ധതികളുടെ പേരില്‍ കൈയടി നേടാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ആവശ്യത്തിനുള്ള ഓര്‍ഡിനറി ബസുകള്‍ ആദ്യം നിരത്തിലിറക്കുക, ഗ്രാമീണ മേഖലയിലെ സര്‍വീസുകള്‍ വര്‍ധിപ്പിക്കുക, അതിനുശേഷം സൗജന്യ യാത്രയെക്കുറിച്ച് സംസാരിക്കുക. അല്ലാത്തപക്ഷം ഇന്ദിരാ പദ്ധതി സ്ത്രീകളുടെ യാത്രാവകാശം ഉറപ്പാക്കുന്ന പദ്ധതിയല്ല, മറിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മറ്റൊരു സര്‍ക്കാര്‍ പ്രഹസനം മാത്രമായിരിക്കുമെന്ന് നാഷനല്‍ വിമന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി M ഹസീന ടീച്ചര്‍ അവരുടെ പ്രസ്താവനയില്‍ തുടര്‍ന്ന് പറഞ്ഞു

Scroll to Top