Home Kerala ഉമ തോമസ് അപകടം; അനുമതി തേടിയത് സ്റ്റേഡിയം ഉപയോഗിക്കാന്‍ മാത്രം

ഉമ തോമസ് അപകടം; അനുമതി തേടിയത് സ്റ്റേഡിയം ഉപയോഗിക്കാന്‍ മാത്രം

by KCN CHANNEL
0 comment

, കരാര്‍ പുറത്ത്, മുന്‍കൂര്‍ ജാമ്യം തേടി സംഘാടകര്‍
കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എക്ക് പരിക്കേറ്റ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സംഘാടകര്‍ ഹൈക്കോടതിയില്‍. ഇതിനിടെ, ജിസിഡിഎയുമായുള്ള കരാറും പുറത്തുവന്നു. സ്റ്റേഡിയം ഉപയോഗിക്കാന്‍ മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്ന് കരാര്‍.

കൊച്ചി:കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നൃത്ത പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ, ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിയ്ക്കായി കല്ലൂര്‍ സ്റ്റേഡിയം വിട്ടുകൊടുത്തതിന് ജിസിഡിഎയും സംഘാടകരുമായി ഉണ്ടാക്കിയ കരാരും പുറത്തുവന്നു.

സംഘാടകരായ മൃദംഗ വിഷന് ജിസിഡിഎ നല്‍കിയ അനുമതി കരാര്‍ ആണ് പുറത്തുവന്നത്. സ്റ്റേഡിയം ഉപയോഗിക്കാന്‍ മാത്രമാണ് അനുമതി നല്‍കിയത്.സ്റ്റേഡിയം ഉപയോഗിക്കാന്‍ വേണ്ടി മാത്രമാണ് സംഘാടകര്‍ അനുമതി തേടിയത്. സ്റ്റേജ് ഉള്‍പ്പെടെയുള്ള അധികനിര്‍മാണത്തിന് അനുമതി തേടിയിരുന്നില്ല. ഗാലറിയില്‍ അധികമായി ഉണ്ടാക്കി താല്‍ക്കാലിക സ്റ്റേജില്‍ നിന്ന് വീണാണ് ഉമ തോമസിന് പരിക്കേറ്റത്. അധികനിര്‍മ്മാണത്തിന് കൊച്ചി കോര്‍പ്പറേഷനില്‍ നിന്നും ഫയര്‍ഫോഴ്‌സില്‍ നിന്നും അനുമതി തേടണമെന്ന് ജിസിഡിഎ നിര്‍ദ്ദേശിച്ചിരുന്നു. എല്ലാ അനുമതികളും ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് നേടേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ജിസിഡിഎ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.

അതേസമയം, സംഭവത്തില്‍ സംഘാടകരില്‍ ഒരാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൃഷ്ണകുമാര്‍ എന്നയാളെയാണ് പലാരിവട്ടം പൊലീസ് ചോദ്യം ചെയ്യുന്നത്. ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമയാണ് കൃഷ്ണകുമാര്‍. ഇവരാണ് കല്ലൂരില്‍ പരിപാടി നടത്തിയത്.കല്ലൂര്‍ സ്റ്റേഡിയത്തില്‍ പൊലീസും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്.സംഭവത്തില്‍ സുരക്ഷാ വീഴ്ച സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യം തേടി മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടത്തിയതെന്ന് ഹര്‍ജിയില്‍ മൃദഗവിഷന്‍ വ്യക്തമാക്കി.അനിയന്ത്രിതമായ തിരക്കോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, പരിപാടിയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഉറപ്പുള്ള സ്റ്റേജ് ഒരുക്കണമായിരുന്നു. സംഘാടകര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തു. വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. തന്റെ ഗണ്‍മാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.സങ്കടകരമായ അപകടമാണ് എംഎല്‍എയ്ക്ക് ഉണ്ടായത്. എട്ടു മിനിറ്റ് കൊണ്ട് പരിപാടി അവസാനിപ്പിച്ചു. ബാക്കി മറ്റു പരിപാടികള്‍ നടത്തിയില്ല.എന്നു മാത്രമല്ല ഇത്ര വലിയ അപകടമാണെന്ന് അപ്പോള്‍ തിരിച്ചറിഞ്ഞുമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു

You may also like

Leave a Comment