ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി അവലോകനം ചെയ്തു
വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശസ്വയംഭരണ വകുപ്പുകളില്‍ കാസര്‍കോട് ജില്ല നേരിടുന്ന ഉദ്യോഗസ്ഥക്ഷാമത്തിനും ദേശീയപാത നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ ഭീഷണിയ്ക്കും പരിഹാരം വേണം. പൈവളികെ പോലീസ് സ്റ്റേഷന്‍, മഞ്ചേശ്വരം മിനി സിവില്‍ സ്റ്റേഷന്‍ ആവശ്യങ്ങള്‍ പരിഗണിക്കണം. കാസര്‍കോട് വികസന പാക്കേജ് വിഹിതം 150 കോടിയാക്കി ഉയര്‍ത്തണം. പി.എസ്.സി പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് സംവിധാനത്തിന്റെ സാധ്യത പരിശോധിക്കണം. ഭാഷ ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങള്‍, കാസര്‍കോടിനായി പ്രത്യേക പി.എസ്.സി നിയമനത്തിന്റെ സാധ്യത പരിശോധിക്കണം തുടങ്ങിയ വിഷയങ്ങള്‍ എ.കെ.എം അഷറഫ് എം.എല്‍.എ അവതരിപ്പിച്ചു.
ഉക്കിനടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന മികച്ച സ്ഥാപനമായി മാറണം. കാസര്‍കോട് നഗരത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയുള്ള വികസ പ്രവര്‍ത്തനങ്ങള്‍ വേണം. ചെര്‍ക്കള, ബേവിഞ്ച പ്രദേശങ്ങളിലും ദേശീയപാതയിലും നിലനില്‍ക്കുന്ന കാലവര്‍ഷവുമായി ബന്ധപ്പെട്ട മണ്ണിടിച്ചില്‍, വെള്ളക്കെട്ട് ഭീഷണിക്ക് പരിഹാരം വേണം. തളങ്കര, നെല്ലിക്കുന്ന് ടൂറിസം പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം, ഉക്കിനടുക്കയില്‍ ഫയര്‍സ്റ്റേഷന്‍ വേണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കല്ലട്ര മാഹിന്‍ എം.എല്‍ എ അവതരിപ്പിച്ചു.
കടലാക്രമണവും തീരദേശ ശോഷണവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ വലിയ ഇടപെടല്‍ ആവശ്യമാണ്. അതുപോലെ കടലോര മേഖലയിലെ റോഡുകളുടെ ശോച്യാവസ്ഥമാറണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ കുറവ് പരിഹരിച്ച് നാട്ടിന്‍പുറങ്ങളിലെ ജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കാന്‍ കഴിയണം. ദേശീയപാതയിലെ വെള്ളക്കെട്ട് വിദ്യാര്‍ത്ഥികളെ വല്ലാതെ ബാധിക്കുന്നുണ്ട്. മുന്നറിയിപ്പ് നല്‍കാതെ വൈദ്യുതി തടസ്സം നേരിടുന്നതില്‍ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലാണെന്നും കെ. നീലകണ്ഠന്‍ എം.എല്‍.എ പറഞ്ഞു.
ദേശീയപാതയില്‍ വീരമലക്കുന്ന്, ബേവിഞ്ച, ചെര്‍ക്കള പ്രദേശങ്ങളിലെ മണ്ണിടിച്ചില്‍, ദേശീയപാതയില്‍ നേരിടുന്ന വെള്ളക്കെട്ടിനും പരിഹാരം കാണണം. സര്‍വ്വീസ് റോഡുകളുെട നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടന്‍ തുറന്നു കൊടുക്കണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജനെ നിയമിക്കണമെന്നും അമ്മയും കുഞ്ഞും ആശുപത്രി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കണം. ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവ് വലിയ പ്രശ്നമായി കണ്ട് ഇടപെടണം. ജില്ലയിലെ തീരദേശ മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ പറഞ്ഞു.
തെരഞ്ഞടുപ്പ് മൂലം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചെലവഴിക്കുന്നതിന്‍ വന്ന കാലതാമസം പരിഹരിക്കാന്‍ സ്പില്‍ ഓവര്‍ പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കണം ദുരന്ത നിവാരണത്തിനായി വിവിധ പഞ്ചായത്തുകളില്‍ എസ്റ്റിമേറ്റ് നല്‍കിയിട്ടും ദേശീയപാത അതോറിറ്റി പഞ്ചായത്തുകള്‍ക്ക് ഫണ്ട് അനുവദിക്കാത്തപ്രശ്നം എന്നിവ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഉന്നയിച്ചു. വിവിധ മേഖലകളില്‍ ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ജില്ലാ കളക്ടര്‍ അ്ര്ജുന്‍ പണ്ഡ്യന്‍ മന്ത്രിയെ അറിയിച്ചു. നിരവധി അന്തര്‍ സംസ്ഥാന പാതകളുള്ള ജില്ലയില്‍ ഒരു പോലീസ് ചെക്പോസ്റ്റ് ആവശ്യമാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. വിവിധ വകുപ്പ് തല മേധാവികള്‍ ആശയങ്ങളും പ്രശ്നങ്ങളും പങ്കുവെച്ചു.
കാസര്‍കോട് ജില്ലയുടെ ഏറ്റവും അനിവാര്യമായപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അതാത് വകുപ്പുകളുടെ പ്രത്യേകം യോഗം വിളിച്ചു ചേര്‍ക്കുമെന്ന് അവലോകന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നത് ഉള്‍പ്പടെ ആ മേഖലയില്‍ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അനിവാര്യമാണ്. മെഡിക്കല്‍ കോളേജ് പൂര്‍ണമായും യാധാര്‍ത്ഥ്യമാക്കല്‍, എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ഇടപെടലുകള്‍, ജീവനക്കാരുടെ ക്ഷാമം പരിഹരിക്കല്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും കൂട്ടായി ചെയ്ത് തീര്‍ക്കാമെന്നും കാസര്‍കോടിന്റെ മുഖം മാറ്റാനുതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു




