ജില്ലാതല ബാങ്കിങ് അവലോകനയോഗം ചേര്‍ന്നു
കാസര്‍കോട് ജില്ലയിലെ പുതു സംരംഭകര്‍ക്ക് ബാങ്കുകള്‍ പിന്തുണ നല്‍കണമെന്നും സിബില്‍ സ്‌കോറിന്റെ പേര് പറഞ്ഞ് വായ്പകള്‍ നിഷേധിക്കരുതെന്നും കല്ലട്ര മാഹിന്‍ എം.എല്‍.എ പറഞ്ഞു. ലീഡ് ബാങ്കുകളുടെ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. പിന്നോക്കാവസ്ഥയില്‍ നിന്ന് ജില്ലയെ കൈപിടിച്ചുയര്‍ത്താന്‍ സി.എസ്.ആര്‍ ഫണ്ടുകള്‍ താങ്ങാകണമെന്നും മെഡിക്കല്‍ കോളേജിന്റെ വികസനത്തിനും ഇതര ജില്ലകളില്‍ നിന്ന് കാസര്‍കോട് ജോലി ചെയ്യാന്‍ എത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഉള്‍പ്പെടെ താമസസൗകര്യം ഉറപ്പാക്കുന്നതിനും ബാങ്കുകളുടെ പിന്തുണ ആവശ്യമുണ്ട്.
പട്ടയം നല്‍കിയ ഭൂമിയില്‍ ബാങ്കുകള്‍ വായ്പ നല്‍കാന്‍ വിമുഖത കാണിക്കരുതെന്നും പട്ടികവര്‍ഗ്ഗ മേഖലയില്‍ ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടറും ഡി.എല്‍.ആര്‍.സി ചെയര്‍മാനുമായ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. യോഗത്തില്‍ ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാന്‍ 2026 -2027 പുസ്തകം കല്ലട്ര മാഹിന്‍ എം.എല്‍.എയും ജില്ലാ കളക്ടറും ചേര്‍ന്ന് പ്രകാശനം ചെയ്തു.
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയുടെ ഉപഭോക്താക്കള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്കുകള്‍ കല്ലട്ര മാഹിന്‍ എം.എല്‍.എയും ജില്ലാ കളക്ടറും ചേര്‍ന്ന് നല്‍കി.
റിസര്‍വ് ബാങ്കിന്റെ കേരള ശാഖയുടെ നേതൃത്വത്തില്‍ യുജി, പിജി വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സൈബര്‍ തട്ടിപ്പുകള്‍ക്കെതിരായ പൊതുബോധവത്കരണ ക്യാമ്പയിന്‍ ‘ആര്‍.ബി.ഐ റീലത്തോണ്‍’ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് റീലുകള്‍ ചെയ്യാന്‍ അവസരമുണ്ട്. ജില്ലയുടെ ബാങ്കിംഗ് ശൃംഖലയെ സംബന്ധിച്ച് അഭിമാനകരമായ വളര്‍ച്ചയാണ് ഈ പാദത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് യോഗം വിലയിരുത്തി. മാര്‍ച്ചിലെ കണക്കനുസരിച്ച് കാസര്‍കോട് ജില്ലയില്‍ 293 ബാങ്ക് ശാഖകളും, 245 എ.ടി.എമ്മുകളും, 33 ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും ഉണ്ട്. ശാഖകളുടെ എണ്ണം 288 ല്‍ നിന്ന് 293ലേക്ക് ഉയര്‍ന്നത് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രക്രിയ കൂടുതല്‍ ശക്തമാകുന്നതിന്റെ തെളിവാണ്.
ബിസിനസ് പ്രകടനത്തിന്റെ കാര്യത്തിലും ജില്ല മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ആകെ നിക്ഷേപം 6.4 ശതമാനം വര്‍ദ്ധനവോടെ 20528 കോടി രൂപയിലെത്തി. വായ്പ വിതരണത്തില്‍ 6.2 ശതമാനം വളര്‍ച്ചയോടെ 19316 കോടി രൂപ കൈവരിക്കാന്‍ നമുക്ക് സാധിച്ചു. ജില്ലയുടെ വായ്പാ നിക്ഷേപാനുപാതം 94.10ശതമാണ്. ഇത് കേരളത്തിന്റെ ശരാശരിയായ 72.88 ശതമാനത്തേക്കാള്‍ വളരെ മുകളിലാണെന്നത് ബാങ്കിംഗ് മേഖലയുടെ സജീവതയെ കാണിക്കുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വാര്‍ഷിക വായ്പാ പദ്ധതിയുടെ (ACP) കാര്യത്തില്‍ 123% നേട്ടം ജില്ല കൈവരിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ 116%ശതമാനം നേട്ടമുണ്ടെങ്കിലും അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ (Ancillary activities) ഇനിയും മുന്നേറാനുണ്ട്. എം.എസ്.എം.ഇ മേഖലയില്‍ മൈക്രോ എന്റര്‍പ്രൈസസ് മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍, ചെറുകിട-ഇടത്തരം (Small & Medium) മേഖലകളില്‍ ബാങ്കുകള്‍ കൂടുതല്‍ വായ്പകള്‍ നല്‍കേണ്ടതുണ്ട്. അതുപോലെ വിദ്യാഭ്യാസ വായ്പകള്‍ക്കും കയറ്റുമതി വായ്പകള്‍ക്കും പ്രത്യേക പരിഗണന നല്‍കണം. സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത പദ്ധതികളുടെ കാര്യത്തില്‍ പി.എം.എഫ്.എം.ഇ (PMFME), പി.എം.ഇ.ജി.പി (PMEGP) തുടങ്ങിയവയില്‍ ബാങ്കുകളുടെ പക്കല്‍ നിലവിലുള്ള അപേക്ഷകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ട മാനേജര്‍മാര്‍ ശ്രദ്ധിക്കണം. സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ (Stand Up India) പദ്ധതി പ്രകാരം ഓരോ ശാഖയും കുറഞ്ഞത് രണ്ട് അപേക്ഷകളെങ്കിലും അനുവദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
സാമ്പത്തിക വികസനത്തോടൊപ്പം തന്നെ സുരക്ഷിതമായ ബാങ്കിംഗും മുന്‍ഗണന വിഷയമാണ്. വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍ തട്ടിപ്പുകളെക്കുറിച്ചും ‘ഡിജിറ്റല്‍ അറസ്റ്റ്’ പോലുള്ള തട്ടിപ്പുകളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ബാങ്കുകള്‍ മുന്‍കൈ എടുക്കണം. കെ.വൈ.സി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഫിനാന്‍ഷ്യല്‍ ലിറ്ററസി സെന്ററുകള്‍ വഴി ബോധവല്‍ക്കരണ ക്ലാസുകള്‍ സജീവമാക്കുകയും വേണം. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലേക്ക് കടക്കുമ്പോള്‍, വായ്പാ വിതരണത്തില്‍ പിന്നില്‍ നില്‍ക്കുന്ന മേഖലകളെ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
അവലോകനയോഗത്തില്‍ കാനറ ബാങ്ക് റീജിയണല്‍ ഹെഡ് ആര്‍.പി ശ്രീനാഥ്, നബാര്‍ഡ് ജില്ലാ വികസന ഓഫീസര്‍ ഷാരോണ്‍വാസ്, ആര്‍.ബി.ഐ തിരുവനന്തപുരം പ്രതിനിധി വി.എസ് അഖില്‍, വിവിധ ബാങ്കുകളുടെ റീജിയണല്‍ മാനേജര്‍മാര്‍ സാമ്പത്തിക സാക്ഷരത കോഡിനേറ്റര്‍മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലീഡ് ബാങ്ക് മാനേജര്‍ എസ്.തിപ്പേഷ് സ്വാഗതവും സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍ ആര്‍.ഗിരിധര്‍ നന്ദിയും പറഞ്ഞു.




