ജില്ലയുടെ അഭിമാന താരമായ മാളവികയെ ജില്ലാ ഭരണസംവിധാനം അനുമോദിച്ചു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മാളവികയ്ക്ക് പ്രശംസാപത്രം നല്‍കി. ചരിത്ര നേട്ടങ്ങളുമായി മുന്നോട്ട് പോകുന്ന ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം അംഗമാണ് കാസര്‍കോട് നീലേശ്വരം ബംഗളത്തെ പി. മാളവിക. രണ്ട് പതിറ്റാണ്ടിലേറെയായി മലയാളി താരങ്ങള്‍ക്ക് അപ്രാപ്യമായിരുന്ന ഇന്ത്യന്‍ സീനിയര്‍ വനിതാ ഫുട്ബോള്‍ ടീമിലാണ് മാളവിക ഇടംനേടിയത്.
അടുത്തിടെ നടന്ന തായ്‌ലന്‍ഡിലെ ഏഷ്യ കപ്പ് കിരീട നേട്ടത്തിലും, 2026-ലെ സാഫ് ഗെയിംസ് സീനിയര്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം ചരിത്രപരമായ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയപ്പോഴും മാളവിക നിര്‍ണായക പങ്കുവഹിച്ചു. ഗോവയില്‍ നടന്ന സാഫ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരു തകര്‍പ്പന്‍ ഗോളും വിജയമുറപ്പിച്ച പെനാല്‍റ്റിയും നേടി കളിയിലെ താരം കൂടിയായ മാളവിക, തന്റെ കളിമികവും പോരാട്ടവീര്യവും അന്താരാഷ്ട്ര വേദിയില്‍ തെളിയിച്ചു കഴിഞ്ഞു. ബംഗളത്തെ ‘വുമണ്‍സ് ഫുട്ബോള്‍ ക്ലിനിക്കി’ല്‍ നിന്ന് അടിസ്ഥാന പാഠങ്ങള്‍ പഠിച്ച് തുടങ്ങിയ മാളവികയാണ് ഇന്ന് രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നത്. കളിയിലെ വലിയ നേട്ടങ്ങള്‍ക്കിടയിലും നിലവില്‍ കാര്‍മല്‍ കോളേജില്‍ തന്റെ അവസാന വര്‍ഷ ബി.കോം പഠനം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനും ഈ മിടുക്കി സമയം കണ്ടെത്തുന്നുണ്ട്.
സാഫ് ഗെയിംസ് സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമിനും കാസര്‍കോടിന്റെ അഭിമാന താരം മാളവികയ്ക്കും ജില്ലാ കളക്ടര്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു. മാളവികയോടൊപ്പം അമ്മ പി. മിനി കോച്ച് നിധീഷ് ബങ്കളം തുടങ്ങിയവരും ജില്ലാ കളക്ടറെ സന്ദര്‍ശിച്ചു. ദേശീയ ടീമില്‍ ഉള്‍പ്പെട്ട കായിക താരങ്ങള്‍ക്ക് പരിശീലനത്തിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റേഡിയവും ഗ്രൗണ്ടും സൗജന്യമായി അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.




