ഭാരത സെന്‍സസ് 2027; സെല്‍ഫ് എന്യുമറേഷന്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു

ഭാരത സെന്‍സസ് 2027 ന്റെ ഭാഗമായി സെല്‍ഫ് എന്യുമറേഷന്‍ സ്വയം വിവരം സമര്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു. 34 ചോദ്യങ്ങള്‍ അടങ്ങുന്ന എന്യൂമറേഷന്‍ ഡിജിറ്റലായി സമര്‍പ്പിച്ചാണ് ജില്ലാ കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. സെന്‍സസ് ഫ്ലോചാര്‍ട്ട് എ.ഡി.എം കെ.വി ശ്രുതിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. കഴിഞ്ഞതവണയില്‍ നിന്ന് വ്യത്യസ്തമായി കുടുംബങ്ങള്‍ക്ക് നേരിട്ട് ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കുന്ന സെല്‍ഫ് എന്യുമറേഷന്‍ സംവിധാനം ഇത്തവണ സെന്‍സസിന്റെ പ്രത്യേകതയാണ്. ആദ്യഘട്ടത്തില്‍ സെല്‍ഫ് എന്യുമറേഷന്‍ നടപടികള്‍ ഇന്നലെ (16ന് )ആരംഭിച്ചു. 30ന് സമാപിക്കും. അതിനുശേഷം ജൂലൈയില്‍ എന്യുമറേറ്റര്‍മാര്‍ വീട്ടിലെത്തി ഓണ്‍ലൈനായി സമര്‍പ്പിച്ച വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തും. വിവരങ്ങള്‍ നല്‍കിയതിനുശേഷം കണ്‍ഫര്‍മേഷന്‍ 11 അക്ക ഐഡി നമ്പര്‍ ലഭിക്കും. അതിനുശേഷം ജൂലൈ ഒന്നു മുതല്‍ ജൂലൈ 30 വരെയുള്ള കാലയളവിലാണ് സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുക. ജില്ലാ കളക്ടറുടെ ചെമ്പറില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം കെ.വി ശ്രുതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, സെന്‍സസ് മാസ്റ്റര്‍ ട്രെയിനറായ രാജ്കുമാര്‍, എന്നിവര്‍ പങ്കെടുത്തു.

Scroll to Top