പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതിയും, ഇന്‍ഷുറന്‍സ് പരിരക്ഷയും നടപ്പില്‍ വരുത്തണം: നാഷണല്‍ പ്രവാസി ലീഗ്

.

കോഴിക്കോട്: വിദേശ നാടുകളില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതിയും, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും നടപ്പില്‍ വരുത്തണമെന്ന് നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഗള്‍ഫിലെ യുദ്ധഭീതിയും സാമ്പത്തിക പ്രതിസന്ധിയും കാരണം എല്ലാം നഷ്ടപ്പെട്ട് പലരും തിരികെയെത്തിക്കൊണ്ടിരിക്കുന്നു.
ഇവര്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് കുടുംബശ്രീ മാതൃകയില്‍ പദ്ധതി സംവിധാനങ്ങള്‍ ആവിഷ്‌കരിക്കണമെന്നും, പ്രവാസി പെന്‍ഷന്‍ അയ്യായിരം രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രവാസി ക്ഷേമനിധിയില്‍ ചേരുന്നതിനുള്ള പ്രായപരിധി അറുപത് വയസ്സായി നിര്‍ണ്ണയിച്ചതിനാല്‍ വലിയൊരു ശതമാനം പ്രവാസികള്‍ക്കും അതിന്റെ ഗുണഭോക്താക്കളാകാനാവുന്നില്ല.
അതിനാല്‍ പ്രായഭേദമന്യേ മുഴുവന്‍ പ്രവാസികള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ പ്രായപരിധി ഒഴിവാക്കാനുള്ള അടിയന്തിര നടപടിയുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

കോഴിക്കോട് അരയിടത്ത് പാലം വൈറ്റ് റസ്റ്റോറന്റ് ഹാളില്‍ ചേര്‍ന്ന യോഗം സ്റ്റേറ്റ് കോ ഓര്‍ഡിനേറ്ററും നാഷണല്‍ ലീഗ് സ്റ്റേറ്റ് സെക്രട്ടറിയറ്റ് മെമ്പറുമായ ജയിംസ് കാഞ്ഞിരത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് ബഷീര്‍.ടി.അഹമദ് ബേപ്പൂര്‍ അദ്ധ്യക്ഷനായി.

സിദ്ദീഖ് പെരിന്തല്‍മണ്ണ, സലീം പാടത്ത്, റാഫി ഫറോക്ക്, മൂസ മലയില്‍, നിഷാല്‍ തറയങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി ബി.കെ.സാലിം ബേക്കല്‍ സ്വാഗതവും ജാഫര്‍ മേടപ്പില്‍ നന്ദിയും പറഞ്ഞു.

Scroll to Top