തൃക്കരിപ്പൂര്‍: വായനാദിനാചരണത്തിന്റെ ഭാഗമായി മൈത്താണി ജി.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചൂരിക്കാടന്‍ കൃഷ്ണന്‍നായര്‍ സ്മാരക വായനശാല സന്ദര്‍ശിച്ചു. ഗ്രന്ഥശാല ഒരുക്കിയ വിപുലമായ പുസ്തകപ്രദര്‍ശനം കുട്ടികള്‍ക്ക് പുതിയ വായനാനുഭവമായി മാറി. വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ പരിചയപ്പെടാനും വായനയുടെ വിശാലലോകം അടുത്തറിയാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മൈത്താണി ജി.എല്‍.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് പി. നിര്‍വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ടി. തമ്പാന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഗ്രന്ഥശാല താലൂക്ക് കൗണ്‍സില്‍ അംഗം പി. സദാനന്ദന്‍, വനിതാവേദി കണ്‍വീനര്‍ ടി. തമ്പായി, വായനാ വെളിച്ചം കണ്‍വീനര്‍ ശോഭിത മകേഷ്, നിഖില. പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനും ഗ്രന്ഥശാലകളുമായി കൂടുതല്‍ അടുപ്പം സൃഷ്ടിക്കുന്നതിനും സഹായകമായി. പുസ്തകങ്ങളുടെ ലോകം നേരില്‍ പരിചയപ്പെടുത്തിയ ഈ സന്ദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് ശ്രദ്ധേയമായ അനുഭവമായി.
വായനയുടെ ലോകത്തേക്ക് കൈപിടിച്ച് വായനാദിനത്തില്‍ ഗ്രന്ഥശാലയിലേക്ക് മൈത്താണി കുട്ടികളുടെ യാത്ര




