ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ യു.എസ്, ഖത്തര്‍ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം നടത്തി. ശനിയാഴ്ച പുലര്‍ച്ചെ നബാതിയ മേഖലയിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇതോടെ മണിക്കൂറുകള്‍ക്കകം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുകയും മേഖലയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തു.
ബെയ്‌റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കകം തെക്കന്‍ ലെബനനില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വ്യോമ-ഡ്രോണ്‍ ആക്രമണങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മേഖലയില്‍ പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിക്കപ്പെട്ടു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെയാണ് യു.എസും ഖത്തറും മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ തെക്കന്‍ ലെബനനിലെ നബാതിയ മേഖലയില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങളും ഡ്രോണുകളും വീണ്ടും ആക്രമണം അഴിച്ചുവിടുകയായിരുന്നു.
അറബ്സലിം നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. മേഖലയിലെ നിരവധി ജനവാസ കേന്ദ്രങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ഇസ്രായേല്‍ ബോംബാക്രമണം നടത്തിയതായും പുലര്‍ച്ചെ മുതല്‍ നബാതിയയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഷെല്ലാക്രമണം തുടരുന്നതായും ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണത്തില്‍ നാല് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണങ്ങളില്‍ 47-ലധികം ലെബനന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ പോര് മൂര്‍ച്ഛിക്കുന്നതിനിടെയാണ് യുഎസ് – ഖത്തര്‍ ഇടപെടലില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അതേസമയം ഇപ്പോഴുണ്ടായ വെടിനിര്‍ത്തല്‍ ലംഘനത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യമോ ഹിസ്ബുള്ളയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസും ഇറാനും തമ്മിലുള്ള പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകളെപ്പോലും ബാധിക്കുന്ന രീതിയിലാണ് ഈ ഏറ്റുമുട്ടല്‍ മുന്നോട്ടുപോകുന്നത്.




