ദുരിതത്തിലായി നാട്ടുകാര്‍, പ്രതിഷേധത്തിനൊരുങ്ങി ജനങ്ങള്‍
ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥ മൂലം കോട്ടിക്കുളം അങ്കക്കളരി പ്രദേശത്തെ റോഡ് ഗതാഗതയോഗ്യമല്ലാതായി. മാസങ്ങളായി തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കല്ലും മണ്ണുമിട്ട് നിര്‍മ്മിച്ച റോഡാണ് ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നത്. ഈ റോഡിനായി മുന്‍ ഭരണസമിതി തുക വകയിരുത്തിയിരുന്നു. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നപ്പോള്‍ റോഡ് പണി ഉടന്‍ തുടങ്ങാമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും, മാസങ്ങള്‍ പിന്നിട്ടിട്ടും നടപടികളൊന്നും ഉണ്ടായില്ല.
?ഏതാനും ദിവസം മുന്‍പ് ഒരു കരാറുകാരന്‍ ജെ.സി.ബി ഉപയോഗിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്തതല്ലാതെ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. മണ്ണ് നീക്കം ചെയ്തതോടെ റോഡില്‍ രൂപപ്പെട്ട വലിയ കുഴികളില്‍ മഴവെള്ളം കെട്ടിക്കിടന്ന് ചെളിക്കുളമായി മാറി. ഇത് വാഹനയാത്ര അസാധ്യമാക്കിയിരിക്കുകയാണ്. സ്‌കൂള്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കാല്‍നടയാത്ര പോലും ദുഷ്‌കരമായ സാഹചര്യമാണുള്ളത്.
?ഇതിനൊപ്പം ടൗണില്‍ നിന്ന് മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ റോഡരികില്‍ അടിഞ്ഞുകൂടുന്നത് പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. പലതവണ പരാതിപ്പെട്ടിട്ടും വാര്‍ഡ് മെമ്പര്‍ കരാറുകാരന്റെ മേല്‍ കുറ്റം ചുമത്തി ഒഴിഞ്ഞുമാറുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പലതവണ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഡി.ഡി.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ബാധ്യസ്ഥരായ ഭരണാധികാരികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളുടെ ഉത്തരവാദിത്തം മറക്കരുത്. ഇത്തരം അനാസ്ഥകള്‍ തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇനിയെങ്കിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും, ജനങ്ങളുടെ പരാതികള്‍ പരിഗണിക്കാനും അടിയന്തര പരിഹാരം കാണാനും തയ്യാറാകണമെന്നും നാട്ടുകാര്‍ ശക്തമായി ആവശ്യപ്പെടുന്നു. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഉള്‍പ്പെടെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
ഉദുമ കോട്ടിക്കുളം അങ്കക്കളരിയില്‍ റോഡ് പണി പാതിവഴിയില്‍




