കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്ന് കൊലപാതകം; പ്രതിശ്രുതവരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി

മഹാരാഷ്ട്രയിലെ പൂനെയില്‍ കാമുകനൊപ്പം ചേര്‍ന്ന് യുവതി പ്രതിശ്രുത വരനെ കൊന്ന കേസില്‍ പ്രതികളുടെ മൊഴി പുറത്ത്. കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്നായിരുന്നു കൊലപാതകമെന്ന് യുവതി മൊഴി നല്‍കി. യുവതിയുടെ കുടുംബത്തിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കമെന്നും കൊല്ലപ്പെട്ട കേതന്‍ അഗര്‍വാളിന്റെ കുടുംബം ആവശ്യപ്പെട്ടു

സിയ അഗര്‍വാളിന്റെ ഇന്‍സ്റ്റഗ്രം അക്കൗണ്ടില്‍ നിറയെ ഉള്ളത് കേതനുമായുള്ള പ്രണയ നിമിഷങ്ങള്‍. ഇതേ പെണ്‍കുട്ടി തന്റെ ജീവനെടുക്കുമെന്ന് ആ 24 കാരന്‍ അറിഞ്ഞില്ല. ചേതന്‍ ചൗധരിയെന്ന തന്റെ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഈ യുവാവിന്റെ ജീവനെടുകത്ത് അവള്‍ വഴി വെട്ടി. ഒളിച്ചോട്ടമായിരുന്നില്ലെ ഇതിലും ഭേദമെന്ന് പൊലീസ് പ്രതികളോട് ചോദിച്ചു. അങ്ങനെ വിവാഹം മുടക്കി ഒളിച്ചോടിയാല്‍ കുടുംബത്തിനാകെ മാനക്കേടാവുമെന്ന് അവള്‍ മൊഴി നല്‍കി.

കൊന്ന് കഴിഞ്ഞ് അപകടമെന്ന് വരുത്തി തീര്‍ത്താല്‍ മാനം പോവാതെ കഴിയാമെന്ന് കണക്ക് കൂട്ടി. സിയ അഗര്‍വാളിന്റെ കുടുംബത്തിന് ഇതില്‍ പങ്കുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കേതന്റെ പിതാവ് വിശാല്‍ അഗര്‍വാള്‍ ആരോപിക്കുന്നു. മരണാനന്തര ചടങ്ങിന് ശേഷവും കേതന്റെ വീട്ടിലേക്ക് കണ്ണീരുമായി സിയ എത്തിയിരുന്നു. പക്ഷെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നി. ഇത് പൊലീസിനോടും പറഞ്ഞു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ സിയക്കും കേതനും പിന്നാലെ തലമറയ്ക്കും വിധം വസ്ത്രം ധരിച്ച് ഒരാള്‍ നീങ്ങുന്നത് കണ്ടു. ഇയാളെ സിയ നോക്കുന്നുണ്ടെന്നും വ്യക്തമായി. കനത്ത ചൂടിലും ഇങ്ങനെയൊരു വേഷമിട്ട് എത്തിയത് കാമുകന്‍ ചേതന്‍ ചൗധരിയെന്ന് പൊലീസ് കണ്ടെത്തി.

ഇക്കഴിഞ്ഞ 18-ാം തിയ്യതിയാണ് ലോഹഗട്ട് എന്ന കോട്ടയില്‍ നിന്ന് വീണ് കേതന്‍ അഗര്‍വാള്‍ എന്ന യുവാവ് മരിക്കുന്നത്. ഇതിന് നാല് ദിവസം മുന്‍പും ഇതേയിടത്ത് എത്തിച്ച് തള്ളിയിടാന്‍ ശ്രമിച്ചതാണ്. അന്ന് വിജയിച്ചില്ല. വീഴാതെ പിടിച്ച് നിന്ന കേതനോട് താന്‍ പാമ്പിനെ കണ്ട് ഭയന്നതാണെന്ന് സിയ പറഞ്ഞു. അതി സമ്പന്ന കുടുംബമാണ് സിയയുടേയും കൊല്ലപ്പെട്ട കേതന്റെയും. ജയ്പൂരില്‍ കോടികള്‍ ചെലവിട്ട് അടുത്തമാസം അത്യാഢംബ വിവാഹം നടക്കാനിരിക്കുകയായിരുന്നു. പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണമെന്ന് കേതന്റെ മാതാവ് ആവശ്യപ്പെട്ടു

Scroll to Top