കാസര്‍കോട്: നഗരത്തെ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് നഗരസഭയുടെ നേതൃത്വത്തില്‍ ‘ശുചിത്വ സന്ദേശ വാഹനയാത്ര’ ആരംഭിച്ചു. കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്റ്റുമായി (KSWMP) സഹകരിച്ച് സംഘടിപ്പിച്ച വാഹനയാത്രയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം നിര്‍വ്വഹിച്ചു. ”നല്ലതാക്കാം നഗരം, ശീലമാക്കാം ശുചിത്വം” എന്ന ശക്തമായ സന്ദേശമാണ് ഈ ക്യാമ്പയിനിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്.
മാലിന്യ സംസ്‌കരണം എന്നത് ഒരു വ്യക്തിയുടെയോ ഭരണകൂടത്തിന്റെയോ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് നമ്മളെല്ലാവരുടെയും സാമൂഹിക ഉത്തരവാദിത്വമാണെന്ന് ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം ഓര്‍മ്മിപ്പിച്ചു. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന ബോധം എല്ലാവരിലും ഉണ്ടാകണമെന്നും, വീടുകളില്‍ തന്നെ ഉറവിട മാലിന്യ സംസ്‌കരണം ശീലമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ കൃത്യമായി തരംതിരിച്ച് ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറാന്‍ നഗരവാസികള്‍ തയ്യാറാകണമെന്നും ചെയര്‍പേഴ്‌സണ്‍ ആഹ്വാനം ചെയ്തു.
നഗരസഭയുടെ വിവിധ വാര്‍ഡുകളിലൂടെ പര്യടനം നടത്തുന്ന വാഹനയാത്ര, പൊതുജനങ്ങളില്‍ കൃത്യമായ മാലിന്യ സംസ്‌കരണ ശീലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കും. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, ഹമീദ് ബെദിര, ജാഫര്‍ കമാല്‍, കൗണ്‍സിലര്‍മാരായ അബ്ദുല്‍ റഹ്‌മാന്‍ എന്‍.എച്ച്, സജ്‌ന റിയാസ്, സെക്രട്ടറി ഷാജു പി.ബി, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കെ.എസ്.ഡബ്ല്യൂ.എം.പി. എന്‍ജിനീയര്‍ തുടങ്ങിയവര്‍ നീതു റാം പങ്കെടുത്തു.
നല്ലതാക്കാം നഗരം, ശീലമാക്കാം ശുചിത്വം”; കാസര്‍കോട് നഗരസഭയുടെ ശുചിത്വ സന്ദേശ വാഹനയാത്ര പ്രയാണം ആരംഭിച്ചു




