പൂനെയില്‍ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ മകള്‍ സിയയ്ക്ക് വധശിക്ഷ നല്‍കണമെന്ന് മാതാപിതാക്കള്‍. മകള്‍ക്ക് മറ്റൊരാളുമായി അടുപ്പമുള്ള കാര്യം അറിയില്ലായിരുന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി. മകളാണ് കൊലപാതകം ചെയ്തതെങ്കിലും വധശിക്ഷ തന്നെ നല്‍കണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
സംഭവത്തില്‍ സാഹചര്യ തെളിവുകള്‍ ശക്തമാണ്. കോടതിയില്‍ കേസ് വിജയിക്കാന്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ വേണം. കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതാണ് അന്വേഷണ സംഘം നേരിടുന്ന വെല്ലുവിളി. പ്രതികള്‍ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് നടത്തിയെന്ന് പൊലീസ് കണ്ടെത്തി. ഓണ്‍ലൈനായി കൊലപാതക രീതികള്‍ പഠിച്ചു. കൊലപാതകത്തിന്റെ തലേന്ന് പൂനയിലെ കഫെയില്‍ സിയാ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും എത്തിയതിന്റെ സിസിടിവി തെളിവുകളും ഇന്ന് പുറത്തുവന്നു.
കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദമായിരുന്നെങ്കില്‍ കാമുകനൊപ്പം ഒളിച്ചോടാനുമാവുമായിരുന്നു. എന്നിട്ടും എന്തിന് പ്രതിശ്രുത വരന്‍ കേതന്‍ അഗര്‍വാളിനെ കൊന്നു എന്ന ചോദ്യം കസ്റ്റഡിയിലുള്ള പ്രതികളോട് പൊലീസ് ആവര്‍ത്തിച്ച് ചോദിച്ചു. സമൂഹത്തിന് മുന്നില്‍ കുടുംബത്തിനുണ്ടാവുന്ന നാണക്കേട് ഭയന്നാണാണ് മറ്റ് വഴികള്‍ക്ക് പകരം കൊലപാതകം തെരഞ്ഞെടുത്തതെന്ന് ആവര്‍ത്തിക്കുകയാണ് പ്രതിയ സിയ ഗോയല്‍. കൊലപാതകത്തിന് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പാണ് നടത്തിയത്.
അഞ്ച് മാസത്തിനിടെ രണ്ടായിരത്തിലേറെ തവണ കാമുകന്‍ ചേതന്‍ ചൗധരിയുമായി സിയ ഫോണില്‍ സംസാരിച്ചു. വാട്‌സ്ആപ്പ് കോളിന് പുറമെയാണിത്. പലപ്പോഴും രണ്ടും മൂന്നും മണിക്കൂര്‍ നീണ്ട സംസാരം. ഇന്റര്‍നെറ്റില്‍ പലതരം കൊലപാതക രീതിയെക്കുറിച്ച് പ്രതികള്‍ തിരഞ്ഞു. രണ്ട് തവണ ശ്രമം നടത്തി. മൂന്നാം തവണയാണ് വിജയിച്ചത്. അതുവരെ യാതൊരു സംശയവും തോന്നിക്കാതെ കേതനെ അത്രമേല്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയായി സിയ അഭിനയിച്ചു. പുനയിലെ കഫേയില്‍ കൊലപാതകത്തിന് തലേന്ന് പ്രതികള്‍ എത്തിയതിനും ഏറെനേരം സംസാരിച്ചിരുന്നതിനും ദൃശ്യങ്ങള്‍ തെളിവായി ഉണ്ട്.
മൂന്നാം ശ്രമം പരാജയപ്പെട്ടാല്‍ മഹാബലേശ്വറില്‍ എത്തിച്ച് അടുത്ത ശ്രമം നടത്താനും പദ്ധതിയുണ്ടായിരുന്നു. ലോഹഗട്ടില്‍ വച്ച് കൊലപാതകത്തിന് നാല് ദിവസം മുന്‍പും സിയയും കേതനും പോയിരുന്നു. അന്ന് തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും കേതന്‍ വീണില്ല. പാമ്പിന് കണ്ട് പേടിച്ച് തള്ളിപ്പോയതാണെന്ന് സിയ അന്ന് കള്ളവും പറഞ്ഞു. നിരന്തരം എന്തിന് ലോഹഗട്ട് കോട്ടയിലേക്ക് പോയെന്ന് കേതന്റെ കുടുംബം സിയയോട് ചോദിച്ചെങ്കിലും പരുങ്ങി. ഇതോടെയാണ് സംശയം ബലപ്പെടുന്നത്. പ്രതികള്‍ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും.




